JHL

JHL

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കുത്തിക്കൊന്നു; സംഭവത്തിൽ സംസ്ഥാന സർക്കാറിനും പൊലീസിനും ഹൈകോടതിയുടെ രൂക്ഷ വിമർശനം.

കൊല്ലം(www.truenewsmalayalam.com) : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കുത്തിക്കൊന്നു. പൊലീസ് മെഡിക്കൽ പരിശോധനക്കെത്തിച്ച അടിപിടിക്കേസിലെ പ്രതിയാണ് ഡോക്ടറെ കുത്തിയത്.

 കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം കുറുപ്പന്തറ സ്വദേശി വന്ദന ദാസ് (22) ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

 പൊലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേർക്ക് കുത്തേറ്റിട്ടുണ്ട്. പ്രതി നെടുമ്പനയിലെ യു.പി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) അറസ്റ്റു ചെയ്തു.

 സംഭവത്തിൽ സംസ്ഥാന സർക്കാറിനും പൊലീസിനും ഹൈകോടതിയുടെ രൂക്ഷ വിമർശനം, ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി പൂട്ടിയിടൂവെന്ന് ഹൈകോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ദാരുണ സംഭവത്തിൽ സർക്കാറിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചത്. മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സർവകലാശാല സമർപ്പിച്ച അടിയന്തര ഹരജിയിൽ പ്രത്യേക സിറ്റിങ് നടത്തവെയാണ് ഹൈകോടതി പൊതുസംവിധാനങ്ങളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയത്.

മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സർവകലാശാല സമർപ്പിച്ച അടിയന്തര ഹരജിയിലാണ് ഇന്ന് ഉച്ചക്ക് 1.45 ഹൈകോടതി പ്രത്യേക സിറ്റിങ് നടത്തിയത്. നിലവിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന സുരക്ഷ മെഡിക്കൽ വിദ്യാർഥികൾക്കും നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.

മുമ്പ് ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ഹൈകോടതി സർക്കാറിന് ശക്തമായ താക്കീത് നൽകിയിരുന്നു. സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് ഹൈകോടതി തുടർനടപടി അവസാനിപ്പിച്ചിരുന്നു. അക്രമം തടയൽ നിയമത്തിൽ നിയമനിർമാണം കൊണ്ടു വരുകയോ ഭേദഗതി കൊണ്ടു വരുകയോ ചെയ്യുമെന്നാണ് സർക്കാർ അന്ന് കോടതിക്ക് നൽകിയിരുന്ന ഉറപ്പ്. എന്നാൽ, ഉറപ്പ് സർക്കാർ നടപ്പാക്കിയില്ലെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്.

ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു ദാരുണമായ സംഭവം. അടിപിടിക്കേസിൽ പിടിയിലായ സന്ദീപിനെ വൈദ്യപരിശോധനക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അക്രമാസക്തനായ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


No comments