യുവതിയെ ലോഡ്ജ് മുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നടുങ്ങി നാട്.
കാമുകിയായ ബാരമുക്കുന്നോത്തെ ദേവിക (34) തനിക്ക് ബുദ്ധിമുട്ടായി മാറിയതോടുകൂടിയാണ് കൃത്യം നടത്താൻ നിർബന്ധിതനായതെന്നാണ് പ്രതി ബോവിക്കാനം അമ്മംകോടിലെ സതീശ് ഭാസ്കർ (34) പൊലീസിന് മൊഴി നൽകിയത്.
പുതിയകോട്ടയിലെ ഫോർട്ട് ബീഹാർ ലോഡ്ജിൽ ഒന്നരമാസം മുമ്പാണ് സതീശ് ഭാസ്കർ താമസം ആരംഭിച്ചത്. കോട്ടച്ചേരി കുന്നുമ്മലിൽ സെക്യൂരിറ്റി ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്നും ഇതിന്റെ നടത്തിപ്പുകാരനാണെന്നും സതീശ് ലോഡ്ജ് ജീവനക്കാരോട് പറഞ്ഞിരുന്നു.
15 ദിവസം മുമ്പ് ലോഡ്ജ് മുറിയിൽ സതീശ് ഭാസ്കർ വിവാഹ വാർഷിക ആഘോഷം നടത്തിയിരുന്നു. രണ്ട് യുവതികളാണ് അന്ന് ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. ഇതിലൊരാൾ കൊല്ലപ്പെട്ട ദേവികയാണെന്നാണ് കരുതുന്നത്. ലോഡ്ജ് മുറിയിൽ കേക്ക് മുറിക്കുകയും ജീവനക്കാർക്ക് ഉൾപ്പെടെ നൽകുകയും ചെയ്തിരുന്നു.
ലോഡ്ജ് കെട്ടിടത്തിന്റെ നാലാം നിലയിലെ മുറിയിൽ നടന്ന അറുകൊല മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് ജീവനക്കാർ തന്നെ അറിയുന്നത്. കൊലപാതകം നടത്തി സതീശ് ഭാസ്കർ മുറി പൂട്ടി ഒന്നും സംഭവിക്കാത്തത് പോലെ ഇറങ്ങി പോവുകയായിരുന്നു.
ലോഡ്ജിൽനിന്ന് 50 മീറ്റർ മാത്രം അകലെയുള്ള ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എത്തിയ സതീശ് ഭാസ്കർ കൊലപാതകം നടത്തിയ വിവരം നേരിട്ട് അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ മാത്രമാണ് കൊലപാതകം നടന്ന വിവരം ലോഡ്ജുകാർ അറിയുന്നത്.
വർഷങ്ങളായി സതീശ് ഭാസ്കറും ദേവികയും പരിചയത്തിലാണെന്നാണ് സൂചന. രണ്ടുമാസം മുമ്പ് സതീശ് ഭാസ്കറിനെതിരെ ദേവിക മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ചില പ്രശ്നങ്ങളുടെ പേരിൽ ശല്ല്യപ്പെടുത്തുന്നു എന്നായിരുന്നു പരാതി.
ഈ സംഭവത്തിൽ ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കേസ് ഉൾപ്പെടെ നടപടി വേണ്ടെന്ന് ദേവിക അറിയിച്ചതിനാൽ മേലിൽ പ്രശ്നമുണ്ടാകരുതെന്ന് താക്കീത് ചെയ്ത് പൊലീസ് സതീശ് ഭാസ്കറിനെ പറഞ്ഞയക്കുകയായിരുന്നു. കാഞ്ഞങ്ങാട്ട് ഇന്നലെ നടന്ന ബ്യൂട്ടിപാർലർ, ബാർബർ അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതാണ് ദേവിക.
ഇവിടെനിന്ന് രാവിലെ ദേവികയെ നിർബന്ധിച്ചു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയതാണെന്ന് പറയുന്നു. കൊല്ലപ്പെട്ട ദേവിക ബ്യൂട്ടീഷനും പ്രതി സെക്യൂരിറ്റി ഏജൻസി നടത്തിപ്പുകാരനുമാണ്. ചോദ്യം ചെയ്യൽ ഉൾപ്പെടെ പൂർത്തിയാക്കി ഇന്ന് പ്രതിയുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
Post a Comment