JHL

JHL

കുമ്പളയിലെ സമഗ്ര ടൂറിസം പദ്ധതി; കിദൂർ കുണ്ടങ്കരടുക്ക യിലെ "പക്ഷി ഗ്രാമം'' പദ്ധതിക്ക് വേഗത പോരെന്ന് നാട്ടുകാർ.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്തിലെ കിദൂർ വില്ലേജിൽ കുണ്ടങ്കരുടക്കയിൽ ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ ചിലവഴിച്ച് സംസ്ഥാന ടൂറിസം വകുപ്പ് മുഖേന നിർമ്മിക്കുന്ന പക്ഷി ഗ്രാമം പദ്ധതി ഇഴഞ്ഞു നീങ്ങുന്നതായി പരാതി.

 കുമ്പളയുടെ ടൂറിസം വികസനത്തിന് ഏറെ സാധ്യത കൽപ്പിച്ച പദ്ധതിയായിരുന്നു കിദൂരി ലെ പക്ഷി ഗ്രാമം. 2018ലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. അഞ്ചുവർഷം പിന്നിടുമ്പോഴും പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തന്നെ മന്ദഗതിയിലാണ്.വേഗത പോരെന്നാണ് നാട്ടുകാർ പറയുന്നത്.

 അപൂർവങ്ങളായ ദേശാടന പക്ഷികള ടക്കം ഇതിനകം 200 നോട ടുത്തുള്ള പക്ഷികളെ കണ്ടെത്തിയ ഇടമാണ് കിദൂർ കുണ്ടങ്കരടുക്ക. ഏകദേശം 10 ഏക്കർ വിസ്തൃതിയുള്ള പ്രദേശത്താണ് നിർദിഷ്ട  പക്ഷി ഗ്രാമം. ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമാണ് ഈ പ്രദേശം. ആവശ്യമായ വെള്ളവും ഭക്ഷണവും ശാന്തതയും ഉള്ള പ്രദേശമായതിനാലാണ് പക്ഷികൾ കൂട്ടത്തോടെ ഇവിടെ എത്തുന്നതെന്ന് പക്ഷി നിരീക്ഷകർ പറയുന്നു.

 മുൻ ജില്ലാ കളക്ടർ ഡോ: ബി സജിത് ബാബു മുൻകൈയെടുത്താണ് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കിയത്. കിദൂർ പക്ഷി ഗ്രാമം പദ്ധതി പൂർത്തീകരിക്കാനായാൽ കുമ്പളയുടെ സമഗ്രമായ ടൂറിസം വികസനത്തിന് വഴിയൊരുങ്ങും. തുടക്കത്തിൽ പദ്ധതിക്കായി 2.77 കോടി രൂപ വകവരുത്തിയിരുന്നുവെങ്കിലും പിന്നീട് പദ്ധതിയിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി പറയുന്നു. ഫണ്ട് വെട്ടിച്ചുരുക്കിയതാണ് നിർമ്മാണ പ്രവർത്തികളിൽ മെല്ലെ പോക്കിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.

 പൂർണ്ണമായും പ്രകൃതിക്ക് ഇണങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് പക്ഷി ഗ്രാമത്തിൽ  പുരോഗമിക്കുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും, അയൽ സംസ്ഥാനങ്ങളിൽ നിന്നും പക്ഷി നിരീക്ഷകരുടെയും, പ്രകൃതി സ്നേഹികളുടെയും മുഖ്യ ആകർഷണ കേന്ദ്രമാക്കി  മാറ്റാനുള്ള പദ്ധതിയാണ് നേരത്തെ ആസൂത്രണം ചെയ്തിരുന്നത്.

 പക്ഷി നിരീക്ഷണത്തിനായി എത്തുന്ന ഗവേഷണ വിദ്യാർത്ഥികൾക്കും, ഗവേഷകർക്കും, നിരീക്ഷകർക്കും ഉപകരിക്കുന്ന "ഡോർമിറ്ററി''യുടെ നിർമ്മാണമാണ് തുടക്കത്തിൽ നടന്നു വരുന്നത്. നേരത്തെ പദ്ധതി ഒരു വർഷം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അഞ്ചുവർഷം പിന്നിട്ടിട്ടും പദ്ധതി പാതിവഴിയിലാണ്.

 പക്ഷേ ഗ്രാമം പദ്ധതി യുദ്ധകാല അടിസ്ഥാനത്തിൽ  പൂർത്തീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് "മാനവ സംസ്കൃതി" മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.


No comments