JHL

JHL

സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി, ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയാവും; സത്യപ്രതിജ്ഞ ശനിയാഴ്ച -റിപ്പോർട്ട്

ന്യൂഡൽഹി(www.truenewsmalayalam.com) : നാല് നാൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ കർണാടകയിൽ ആരാവും മുഖ്യമന്ത്രിയെന്നതിൽ കോൺഗ്രസ് ഹൈകമാൻഡ് തീരുമാനത്തിലെത്തിയതായി റിപ്പോർട്ടുകൾ. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയുമാകും. ഇന്നലെ രാത്രിയോടെയാണ് ഇക്കാര്യത്തിൽ തീരുമാനമായതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം രാവിലെയോടെയുണ്ടാകും.

ബി.ജെ.പിയെ തറപറ്റിച്ച് നേടിയ ഉജ്വല വിജയത്തിന് നാലുനാൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതിരുന്നത് കോൺഗ്രസിന് തലവേദനയുണ്ടാക്കിയിരുന്നു. തുടർന്നാണ് ഇന്നലെ രാത്രി വൈകുവോളം നീണ്ട ചർച്ചകൾക്കൊടുവിൽ തീരുമാനമായിരിക്കുന്നത്.

മുഖ്യമന്ത്രി പദവിക്കായുള്ള മത്സരത്തിൽ സിദ്ധരാമയ്യക്ക് തന്നെയാണ് മുൻതൂക്കമുണ്ടായിരുന്നത്. നേരത്തെ, തെരഞ്ഞെടുപ്പ് നിരീക്ഷക സമിതി എം.എൽ.എമാരുടെ അഭിപ്രായം തേടിയപ്പോൾ ഭൂരിപക്ഷം എം.എൽ.എമാരും പിന്തുണച്ചത് സിദ്ധരാമയ്യയെയായിരുന്നു. 85 എം.എൽ.എമാർ സിദ്ധരാമയ്യയെ പിന്തുണക്കുന്നുവെന്നാണ് നിരീക്ഷക സമിതിയുടെ റിപ്പോർട്ട്. 45 എം.എൽ.എമാരാണ് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം അഞ്ച് അംഗങ്ങൾ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കട്ടേയെന്ന നിലപാടുകാരായിരുന്നു. ഇതോടെയാണ്, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല ദേശീയ അധ്യക്ഷന് വിട്ടത്.

മുഖ്യമന്ത്രി സ്ഥാനം ശിവകുമാറുമായി പങ്കുവെക്കാൻ തയാറാണെന്ന് സിദ്ധരാമയ്യ നേതൃത്വത്തെ അറിയിച്ചിരുന്നു. ആദ്യത്തെ രണ്ടുവർഷം മുഖ്യമന്ത്രി പദം തനിക്ക് വേണമെന്നാണ് ആവശ്യം. ആദ്യ രണ്ട് വർഷത്തിന് ശേഷം താൻ സ്ഥാനമൊഴിയുമെന്നും തുടർന്നുള്ള മൂന്ന് വർഷം ശിവകുമാറിന് മുഖ്യമന്ത്രി പദത്തിൽ തുടരാമെന്നുമായിരുന്നു നിർദേശം. സ്ഥാനം പങ്കുവെക്കുന്നതിൽ ശിവകുമാറിന് എതിർപ്പുണ്ടായില്ലെങ്കിലും ആദ്യ തവണ തനിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചതോടെ തീരുമാനം വീണ്ടും വൈകി.

സിദ്ധരാമയ്യ ഇന്നലെ ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കർണാടകയിൽ വിവിധയിടങ്ങളിൽ അദ്ദേഹത്തെ പിന്തുണക്കുന്നവർ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്ന കാര്യം രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ ഉറപ്പിച്ചതായി കെ.പി.സി.സി വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ പുഷ്പ അമർനാഥ് പറഞ്ഞു. സിദ്ധരാമയ്യയെ പ്രവർത്തകർ ആശംസയറിയിച്ചെന്നും ഇവർ പറഞ്ഞു. സിദ്ധരാമയ്യയുടെ വീടിനു മുന്നിലും ആഹ്ലാദ പ്രകടനമുണ്ടായി.

പരസ്യപ്രതികരണം പാടില്ലെന്ന് ഇന്നലെ നേതാക്കൾക്ക് ഹൈകമാൻഡ് മുന്നറിയിപ്പുണ്ടായിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തിയാൽ അച്ചടക്ക ലംഘനമായി കണ്ട് നടപടിയെടുക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതോടെ, മുഖ്യമന്ത്രി തീരുമാനം ഉടനുണ്ടാകുമെന്ന് വ്യക്തമായിരുന്നു.

മേയ് 13നാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നത്. മേയ് 18 വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. ഇതിനായി കണ്ഡീരവ സ്റ്റേഡിയത്തിൽ വേദിയൊരുക്കലും അലങ്കാരപ്പണികളും തകൃതിയായി നടന്നിരുന്നു. മുഖ്യമന്ത്രി തീരുമാനം വൈകിയതോടെ കണ്ഡീരവ സ്റ്റേഡിയത്തിൽ തയാറെടുപ്പുകൾ നിർത്തി. വേദിയും പന്തലും ഒരുക്കുന്ന പണി താൽക്കാലികമായി നിർത്താൻ കരാറുകാർക്ക് നിർദേശം ലഭിച്ചു. എത്തിച്ച കൊടിതോരണങ്ങൾ തിരികെ കൊണ്ടുപോകുകയും ചെയ്തിരുന്നു. ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കുന്ന സാഹചര്യത്തിൽ തയാറെടുപ്പുകൾ ഇന്ന് തന്നെ പുനരാരംഭിക്കും.

കർണാടക തെരഞ്ഞെടുപ്പിൽ 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്. ബി.ജെ.പിക്ക് 66 സീറ്റ് മാത്രമാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിലേറെ നേടാനായതിനാൽ എം.എൽ.എമാരെ ബി.ജെ.പി വിലക്കെടുക്കുന്നതിനെ അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. കോൺഗ്രസിന്‍റെ മുൻ സഖ്യകക്ഷിയായ ജെ.ഡി.എസിന് 19 സീറ്റ് മാത്രമാണ് നേടാനായത്.

ഉപമുഖ്യമന്ത്രിയാകുന്ന കാര്യം സ്ഥിരീകരിച്ച് ഡി.കെ. ശിവകുമാർ

ന്യൂഡൽഹി: കർണാടകയിൽ താൻ ഉപമുഖ്യമന്ത്രിയാകുമെന്നത് സ്ഥിരീകരിച്ച് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ. പാർടിയുടെ താൽപര്യം മുൻനിർത്തിയാണ് തീരുമാനമെന്നും ശിവകുമാർ ഇന്ത്യ ടുഡേയോട് പറഞ്ഞു. നാല് നാൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കർണാടകയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും ഹൈകമാൻഡ് തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

'കർണാടകയുടെ താൽപര്യങ്ങളോട് പ്രതിബദ്ധതയുള്ളവരാണ് ഞങ്ങൾ. പാർലമെന്‍റ് തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. അതിനാൽ, നേതൃത്വം മുന്നോട്ടുവെച്ച ഫോർമുല പാർടിയുടെ താൽപര്യം മുൻനിർത്തിക്കൊണ്ട് അംഗീകരിക്കുകയായിരുന്നു' -ശിവകുമാർ പറഞ്ഞു.

രണ്ട് ടേമുകളിലായി സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിമാരാകുമെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി പദം പങ്കുവെക്കാമെന്ന് നേരത്തെ സിദ്ധരാമയ്യ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, ആദ്യതവണ മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യക്ക് വേണമെന്ന ആവശ്യത്തിലാണ് ശിവകുമാർ ഉടക്കിയത്. ആറ് പ്രധാന വകുപ്പുകൾ ഉപമുഖ്യമന്ത്രിക്ക് നൽകാനുള്ള ധാരണയിലാണ് ഒടുവിൽ പ്രശ്നപരിഹാരമായത്. പാർടി സംസ്ഥാന അധ്യക്ഷൻ കൂടിയായ ശിവകുമാറിന് ഒറ്റ പദവി എന്ന വ്യവസ്ഥയിലും ഇളവ് അനുവദിക്കും.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ബംഗളൂരു കണ്ഡീരവ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടക്കും. സത്യപ്രതിജ്ഞക്കുള്ള തയാറെടുപ്പുകൾ ഇവിടെ നേരത്തെ തുടങ്ങിയിരുന്നു.


No comments