JHL

JHL

ദേശീയപാത നിർമാണം: ആകാശപ്പാതയുടെ ആദ്യ സ്പാനിന്റെ കോൺക്രീറ്റ് പൂർത്തിയായി.

കാസർകോട്(www.truenewsmalayalam.com) : ജില്ലയിലെ ദേശീയപാതയിൽ നിർമിക്കുന്ന ഏറ്റവും നീളം കൂടിയ ആകാശപ്പാത നിർമാണം പൂർത്തിയാകാൻ ഒരു വർഷം കൂടി കാത്തിരിക്കണം. കാസർകോട് നഗരത്തിൽ കറന്തക്കാട് മുതൽ നുള്ളിപ്പാടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം വരെയുള്ള 1.130 കിലോമീറ്റർ നീളത്തിലാണ് ആറുവരി പാത വരുന്ന ഫ്ലൈഓവർ നിർമാണം. ഇതിന് കറന്തക്കാട് നിന്നുള്ള ആദ്യ സ്പാനിന്റെ കോൺക്രീറ്റ് പൂർത്തിയായി. 40 മീറ്റർ നീളവും 27 മീറ്റർ വീതിയുമുള്ളതാണ് ഈ സ്പാൻ. 350 ക്യൂബിക് മീറ്റർ കോൺക്രീറ്റ് മിശ്രിതമാണു നിറച്ചത്. 5 മാസവും 21 ദിവസവും കൊണ്ടാണ് ആകാശപ്പാതയുടെ പൈലിങ് പൂർത്തിയാക്കിയത്.  30 തൂണുകൾക്കായി 256 പൈലാണുള്ളത്. ഓഗസ്റ്റിലാണ് ഇതിന്റെ പണി തീർത്തത്.

നവംബറിൽ ഫ്ലൈ ഓവർ നിർമാണം പൂർത്തിയാകുമെന്ന് അന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ നിലവിലുള്ള സാഹചര്യത്തിൽ അടുത്ത മേയ് വരെ നീളും. ഇതിന്റെ എല്ലാ നിർമാണ ജോലിയും സ്ഥലത്തു വച്ചു തന്നെയാണു നടക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്തു നിർമാണം നടത്തുന്ന ദേശീയപാത 66 ആദ്യ റീച്ച് തലപ്പാടി– ചെങ്കള പാതയിലെ രണ്ടാമത്തെ ഫ്ലൈ ഓവർ ആകുമിത്. ഉപ്പള ബസ് സ്റ്റാൻഡിനു സമീപം നിർമിക്കുന്ന ഫ്ലൈ ഓവറിന്റെ രൂപരേഖ തയാറായി.

ജനങ്ങളുടെ പ്രക്ഷോഭത്തെത്തുടർന്നു പിന്നീട് അനുവദിച്ചതാണിത്. 10 സ്പാനുകളിലായി  210 മീറ്റർ നീളത്തിലും 27 മീറ്റർ വീതിയിലുമാണു നിർമാണം. 5.5 മീറ്ററാണ് ഉയരം. 3 ആഴ്ചയ്ക്കകം നിർമാണം തുടങ്ങാനുള്ള നടപടികളാണു നടക്കുന്നത്.  ജില്ലയിൽ മേഘ കൺസ്ട്രക്‌ഷൻ ആൻഡ് എൻജിനീയറിങ് കമ്പനി കരാറെടുത്ത രണ്ടാം റീച്ചിൽ  ചെ‍ർക്കള, മാവുങ്കാൽ – പാണത്തൂർ റോഡ് ജംക്‌ഷൻ, കാഞ്ഞങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണ് മറ്റു 3 ഫ്ലൈ ഓവറുകളുടെ നിർമാണം. ഇവിടെ ഗർഡറുകൾ തയാറാക്കി കൊണ്ടു വന്നു സ്ഥാപിക്കുന്നതാണു നിർമാണ രീതി.


No comments