JHL

JHL

കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; തൂക്കുസഭ പ്രവചിച്ച് എക്സിറ്റ് പോളുകൾ.


ബംഗളൂരു(www.truenewsmalayalam.com) : കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് എക്സിറ്റ് പോളുകൾ. തൂക്കുസഭക്കുള്ള സാധ്യതയാണ് എക്സിറ്റ് പോളുകൾ പറയുന്നത്. റിപ്പബ്ലിക് ടിവി പുറത്തുവിട്ട എക്സിറ്റ് പോൾ പ്രകാരം കോൺഗ്രസിന് 94 മുതൽ 108 സീറ്റു വരെ ലഭിക്കും. ബി.ജെ.പിക്ക് 85 മുതൽ 100 സീറ്റുകൾ വരെയാണ് പ്രവചനം. ജെ.ഡി.എസ് 24–32 സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്ന് എക്സിറ്റ് പോൾ പറയുന്നു.

ന്യൂസ് നേഷന്റെ എക്സിറ്റ് പോൾ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുന്നു. 114 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് -86, ജെ.ഡി.എസ് -21, മറ്റുള്ളവർ -മൂന്ന് എന്നിങ്ങനെയാണ് ന്യൂസ് നേഷന്‍റെ പ്രവചനം. സുവർണ ന്യൂസ് എക്സിറ്റ് പോൾ പ്രകാരം ബി.ജെ.പി 94-117 സീറ്റുകളും കോൺഗ്രസ് 91-106 സീറ്റുകളും ജെ.ഡി.എസ് 14-24 സീറ്റുകളും മറ്റുള്ളവർ 0-4 സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു. സീ ന്യൂസ് എക്സിറ്റ് പോളിൽ കോൺഗ്രസിനാണ് മുൻതൂക്കം. പാർട്ടി 103 മുതൽ 118 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 79-94 സീറ്റുകളും ജെ.ഡി.എസ് 25-33 സീറ്റുകളും മറ്റുള്ളവർ 2-5 സീറ്റുകളും നേടുമെന്നാണ് പ്രവചനം.

ടിവി 9 ഭാരത് വർഷ് എക്സിറ്റ് പോൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നു. 99 മുതൽ 109 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്ന് പറയുന്നു. 79-94 വരെ സീറ്റുകൾ ബി.ജെ.പിയും 25 മുതൽ 33 വരെ സീറ്റുകൾ ജെ.ഡി.എസും നേടുമെന്ന് പ്രവചിക്കുന്നു. മറ്റുള്ളവർക്ക് രണ്ടു മുതൽ അഞ്ചു വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. കോൺഗ്രസിനും ബി.ജെ.പിക്കും കേവല ഭൂരിപക്ഷമില്ലെങ്കിൽ ജെ.ഡി.എസ് കിങ് മേക്കറാകും. ആകെ 224 നിയമസഭ മണ്ഡലങ്ങളുള്ള കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. സംസ്ഥാനത്ത് വോട്ടെടുപ്പ് വൈകീട്ട് ആറോടെ അവസാനിച്ചു.

വൈകീട്ട് അഞ്ചു വരെ 65.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെ 2615 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 224 സീറ്റിലും ബി.ജെ.പി സ്ഥാനാർഥികളെ നിർത്തിയിരുന്നു. 223 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്. ഒരു സീറ്റ് സർവോദയ കർണാടക പാർട്ടിക്കു നൽകി. ജനതാദൾ (എസ്) 209 സീറ്റിലും. 13 നാണ് വോട്ടെണ്ണൽ.

No comments