ലോക മാതൃദിനം; 3 അമ്മമാരെ ആദരിച്ച് മൊഗ്രാൽ ദേശീയവേദി.
മൊഗ്രാൽ(www.truenewsmalayalam.com) മാതാവിന്റെ കാലടിയിലാണ് സ്വർഗ്ഗമെന്ന പ്രവാചക വചനം പോലും പാടെ മറന്ന്, മാതാവിനെ അവഗണിക്കുന്ന മക്കളാണ് വർത്തമാന കാലത്തെ ഏറ്റവും വലിയ ദുരന്തമെന്ന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച മാതൃദിന സംഗമം അഭിപ്രായപ്പെട്ടു.
കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും നിറകുടമായ അമ്മ മനസ്സിനെ കാണാൻ പുതിയ തലമുറയ്ക്ക് കഴിയുന്നില്ല. കാലം മാറുന്നതിനുസരിച്ച് യുവ സമൂഹത്തിന്റെ മനസ്സും മാറുന്നു. അതുകൊണ്ടുതന്നെ ഇന്ന് അമ്മമാരെ വൃദ്ധസദനത്തിലും, അഗതി മന്ദിരത്തിലുമായി തളച്ചിടുകയാണ്. നൊന്തു പ്രസവിച്ച അമ്മയെ ജീവിതാവസാനത്തിൽ ഉപേക്ഷിക്കുന്നത് അക്ഷന്ദവ്യമായ അപരാധമാണ് .നമ്മുടെ സംസ്ഥാനത്ത് കണ്ണ് നനയുന്ന വാർത്തകളായി മാറുകയാണ് അമ്മമാരുടെ നൊമ്പരങ്ങൾ.
അമ്മയുടെ സ്നേഹവും,കരുതലും യഥാർത്ഥത്തിൽ നിരുപാധികമാണ്.
അതിന് പകരം വെക്കാൻ ലോകത്ത് മറ്റൊന്നുമില്ല.
അമ്മയുടെ സ്നേഹത്തിന്റെ അളവറ്റ മൂല്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് മാതൃ ദിനമെന്ന് 'മാതാവിനെ അറിയാൻ' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചവർ ഒരേ സ്വരത്തിൽ പറഞ്ഞു.
മാതൃദിന സംഗമം സിജി വിമൻ കളക്ടീവ് ജില്ലാ പ്രതിനിധി എ.കെ ഫാത്തിമത്ത് താഹിറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ദേശീയവേദി വൈസ് പ്രസിഡണ്ട് റിയാസ് കരീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ ജാഫർ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ എം മാഹിൻ മാസ്റ്റർ മാതൃദിന സന്ദേശം നൽകി. കുമ്പളയിലെ സാമൂഹിക പ്രവർത്തക ഏലിയാമ്മ കെ.പി, മൊഗ്രാൽ കടവത്ത് ഹൗസിലെ ബീഫാത്തിമ എം.ജി, ഗാന്ധി നഗറിലെ സുമതി എന്നീ തലമുതിർന്ന അമ്മമാരെ ചടങ്ങിൽ ആദരിച്ചു.
എം.എ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, ഗഫൂർ പെർവാഡ്, ടി.എം ശുഹൈബ്, എം.ജി.എ റഹ്മാൻ, മുഹമ്മദ് അബ്കൊ, എം.വിജയകുമാർ, എം.എ മൂസ, പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ്, മുഹമ്മദ് മൊഗ്രാൽ, ടിഎ ജലാൽ, ഇബ്രാഹിം ഖലീൽ അബ്ദുല്ലക്കുഞ്ഞി നടുപ്പളം, ഹാരിസ് ബഗ്ദാദ്, ഹമീദ് കടവത്ത് എന്നിവർ സംബന്ധിച്ചു. ട്രഷറർ കെ പി മുഹമ്മദ് സ്മാർട്ട് നന്ദി പറഞ്ഞു.
Post a Comment