"ആരിക്കാടി കോട്ട'' ചരിത്ര പൈതൃകം സംരക്ഷിക്കാനാളില്ലാതെ നാശത്തിന്റെ വക്കിൽ.
300 വർഷത്തെ ചരിത്രപശ്ചാത്തലമുള്ള ആരിക്കാടി കോട്ട അതികൃതരുടെ അനാസ്ഥ മൂലം കാടുകയറി നശിക്കുകയാണ്. ഇത്തേരി രാജവംശത്തിൽ പെട്ട നാട്ടുരാജാക്കന്മാർ നിർമ്മിച്ചതെന്ന് രേഖപ്പെടുത്തപെട്ട ആരിക്കാടി കോട്ടയ്ക്ക് മൈസൂർ രാജാവായിരുന്ന ഹൈദരലിയുടെയും, ടിപ്പുസുൽത്താന്റെയും ചരിത്ര പടയോട്ട കഥകളും ഏറെ പറയാനുണ്ട്. എന്നിട്ടും ആരും ഈ പൈതൃകത്തെ സംരക്ഷിക്കാൻ മുന്നോട്ട് വരുന്നുമില്ല.
നിലവിൽ പുരാവസ്തു- സാംസ്കാരിക വകുപ്പുകൾക്ക് കീഴിൽ വരുന്ന കോട്ടയ്ക്ക് സഞ്ചാരികളെ ആകർഷിക്കാൻ മാത്രം തലയെടുപ്പും സൗന്ദര്യവുമുണ്ട്. കുമ്പള- ആരിക്കാടി ദേശീയപാതയ്ക്ക് സമീപമാണ് കോട്ട സ്ഥിതി ചെയ്യുന്നത്. കുമ്പള ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ടൗണിനോട് കേവലം ഒരു കിലോമീറ്റർ താഴെ മാത്രം ദൂരെ സ്ഥിതി ചെയ്യുന്നതുമാണ് ആരിക്കോടി കോട്ട.
മൂന്ന് ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടന്നിരുന്ന കോട്ട ഇപ്പോൾ കുറെ ഭാഗം ദേശീയപാത വികസനത്തിനായി വഴിമാറിയിട്ടുണ്ട്. കോട്ടയുടെ ചരിത്ര അവശേഷിപ്പുകളായ തുരങ്കങ്ങളും കിണറുകളും അനാസ്ഥയുടെ അവശിഷ്ടങ്ങളായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. പലതും മണ്ണിനടിയിൽ മൂടപ്പെട്ട് കിടക്കുന്നുമുണ്ട്.
നേരത്തെ പുരാവസ്തു- സാംസ്കാരിക വകുപ്പ് അധികൃതർ പ്രദേശം സന്ദർശിച്ചിരുന്നതുമാണ്. ടൂറിസം വില്ലേജോ,കലാ ഗ്രാമമോ കോട്ട കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കുമെന്നും അറിയിച്ചിരുന്നതാണ്. പതിറ്റാണ്ട് കഴിഞ്ഞിട്ടും പ്രഖ്യാപനം ചുവപ്പുനാടയിൽ തന്നെ.മംഗളൂരു വിമാനത്താവളം വഴി കേരളം സന്ദർശിക്കാൻ എത്തുന്ന വിദേശ സഞ്ചാരികളെ വരവേൽക്കാൻ പാകത്തിൽ നവീകരിച്ച് നിർത്തിയാൽ ആരിക്കാടി കോട്ട മലയാളക്കരയുടെ സാംസ്കാരിക മഹിമയുടെ അടയാളമായി തീരുമെന്നതിൽ സംശയമില്ല. മയിലുകളും, ദേശാടനക്കിളികളും ഉൾപ്പെടെ നൂറുകണക്കിന് പറവകളുടെ വിഹാര കേന്ദ്രം കൂടിയാണ് ഈ ചരിത്ര പൈതൃക കോട്ട.
കോട്ടയുടെ സംരക്ഷണത്തിന് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കണമെന്ന് "തനിമ'' കലാസാഹിത്യവേദി കുമ്പള -മൊഗ്രാൽ ചാപ്റ്റർ ആവശ്യപ്പെട്ടു.
Post a Comment