JHL

JHL

മഞ്ചേശ്വരം താലൂക്കിലെ പ്ലസ് വൺ സീറ്റ്‌ ക്ഷാമം പരിഹരിക്കുന്നതിന് എകെഎം അഷ്‌റഫ് എംഎൽഎ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു.

ഉപ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം താലൂക്കിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ സീറ്റ്‌ ക്ഷാമം  പരിഹരിക്കാൻ താലൂക്കിലെ വിവിധ സ്‌കൂളുകളിൽ പുതിയ ബാച്ച് അനുവദിക്കേണ്ടതിന്റെ പ്രാധാന്യം ഉള്കൊള്ളിച്ചുള്ള കത്തുമായി എകെഎം അഷ്‌റഫ് എംഎൽഎ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടിയേയും പൊതുവിദ്യാഭ്യാസ പ്രൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ്,പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്  ഷാനവാസ് ഐ എ എസിനേയും കണ്ടു.

പരമ്പരാഗതമായി മഞ്ചേശ്വരം താലൂക്കിലെ കുട്ടികൾ തൊട്ടടുത്ത കർണാടകയിലെ മംഗലാപുരം നഗരത്തെ ഉന്നത വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നു.

എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ അതിർത്തിയടച്ചതടക്കമുള്ള പ്രശ്നങ്ങളെ തുടർന്ന് മംഗലാപുരത്തേക് കുട്ടികൾ പോകുന്നത് വളരെ കുറവാണ്. മലയാളികളായ വിദ്യാർത്ഥികൾ അവിടെ നേരിടുന്ന സുരക്ഷ പ്രശ്നവും ഇതിന് ഒരു കാരണമാണ്. SSLC വിജയിക്കുന്ന കുട്ടികൾക്ക് ഹയർ സെക്കണ്ടറി പഠനത്തിനായി മഞ്ചേശ്വരം താലൂക്കിൽ മതിയായ സീറ്റുകളില്ല.

2023 വർഷം 3888 കുട്ടികളാണ് ഇവിടെ SSLC പഠനം പൂർത്തിയാക്കി ഉന്നത പഠനത്തിന് യോഗ്യത നേടിയത്. എന്നാൽ 17 ഹയർ സെക്കണ്ടറി സ്കൂളുകളിലായി 1850 പ്ലസ്ടു സീറ്റും 150 VHSE സീറ്റും 88 ഐടിഐ സീറ്റും ഉൾപ്പെടെ 2088 സീറ്റുകൾ മാത്രമാണ് ഇവിടെയുള്ളത്. 1916 ഓളം കുട്ടികൾ പഠന സൗകര്യമില്ലാത്ത പുറത്ത് നിൽക്കുകയാണ്.

 ഇതിൽ സാമ്പത്തിക ശേഷിയുള്ളവർ സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത് സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്നു. പെൺകുട്ടികൾ ഉൾപ്പടെയുള്ള വലിയ ഒരു വിഭാഗം കുട്ടികൾ മത പഠനത്തിനായി ചുവട് മാറ്റുന്നു. സാമ്പത്തിക ശേഷിയില്ലാത്ത സർക്കാർ മേഖലയിൽ സീറ്റ്‌ കിട്ടാത്ത നൂറ് കണക്കിന് കുട്ടികൾ ഷോപ്പുകളിലും മറ്റും ജോലിക്ക് പോകുന്ന ദയനീയവസ്ഥ ഇവിടെ മാത്രമായിരിക്കും.

50 കുട്ടികൾ പഠിക്കേണ്ട ക്ലാസ്സുകളിൽ 2022 വർഷം 15 സീറ്റ്‌ സർക്കാർ വർധിപ്പിച്ച് 65 സീറ്റ്‌ ആയി ഉയർത്തിയിരിക്കുകയാണല്ലോ. എന്നാൽ മഞ്ചേശ്വരം മണ്ഡലത്തിലെ തീരപ്രദേശങ്ങളിലെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഓരോ ക്ലാസ്സുകളിലും 70 മുതൽ 75 വരെ കുട്ടികൾ പഠിക്കുന്നുണ്ട്.

 വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി പ്രത്യേക ഉത്തരവ് പ്രകാരം  പ്രവേശനം നേടിയവരാണിവർ. മതിയായ സീറ്റില്ലാത്തത് കാരണം സാമാന്തര സ്ഥാപനങ്ങളെ ആശ്രയിക്കാൻ കഴിയാത്ത പാവപെട്ട കുട്ടികളുടെ അവസാനത്തെ ആശ്രയമാണ് ഈ സ്പെഷ്യൽ ഓർഡർ സംവിധാനം.

ഇത് മുഖ്യ പ്രവേശന നടപടികൾ കഴിഞ്ഞ് അധ്യയന വർഷത്തെ അവസാന നാളുകളിലാണ് പലർക്കും അഡ്മിഷൻ ലഭിക്കുന്നത്. ഇത് അവരെ പഠനത്തെ ബാധിക്കുന്നു. സ്കൂളുകളിൽ ഇത് സംബന്ധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്കൂൾ അധികൃതർ വളരെ പ്രയാസപ്പെടുന്നു.2022-23 വർഷം മഞ്ചേശ്വരം മണ്ഡലത്തിലെ 250 ഓളം കുട്ടികൾ ഇങ്ങനെ പ്രവേശനം നേടിയിട്ടുണ്ട്.

പോളിടെക്‌നിക് കോളേജ് ഇല്ലാത്ത മണ്ഡലം

മഞ്ചേശ്വരം മണ്ഡലത്തിൽ നിലവിൽ ഒരു പോളിടെക്‌നിക് കോളേജ് പോലുമില്ലാത്തതും സീറ്റ്‌ ക്ഷാമത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു

സയൻസ് വിഷയമില്ലാത്ത മണ്ഡലം :-

സയൻസ് വിഷയം എടുത്ത് പഠിക്കാൻ സീറ്റില്ലാതെ മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ പ്രദേശത്തെ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുകയാണ്. കാസർകോടിന്റെയും മഞ്ചേശ്വരത്തിന്റെയും ഇടയിൽ 35 കി.മീറ്ററിനുള്ളിൽ തീരദേശത്ത് ജീവശാസ്ത്രം ഉൾപ്പെടെയുള്ള സയൻസ് വിഷയങ്ങൾ എടുത്ത് പഠിക്കാൻ ഒരേയൊരു സ്കൂൾ മാത്രമാണുള്ളത് (GHSS കുമ്പള).

 മൊഗ്രാൽ, ഷിറിയ, മംഗൽപാടി, ഉപ്പള എന്നിവിടങ്ങളിൽ സയൻസ് ബാച്ച് ഇല്ല. അതിനാൽ കുമ്പള HSS ൽ കഴിഞ്ഞ വർഷം 60 സീറ്റുകളിലേക്ക് 3000 ഓളം  അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ കുട്ടികൾക്ക് പോലും സയൻസ് വിഷയം ലഭിക്കാത്ത സ്ഥിതിയും ഉണ്ട്.

മഞ്ചേശ്വരം മണ്ഡലത്തിലെ 16 ഹയർ സെക്കണ്ടറി സ്കൂളുകളിലായി 6 സയൻസ് ബാച്ച് മാത്രമാണുള്ളത്(37.50%). കാസറഗോഡ് ജില്ലയിൽ 116 HSS ൽ 74 സ്കൂളുകളിൽ (64%) സയൻസ് സൗകര്യം ഉണ്ട്. ഇവിടെ മതിയായ സയൻസ് ബാച്ച് അനുവദിക്കേണ്ടതായിട്ടുണ്ട്.

ആയതിനാൽ മഞ്ചേശ്വരം താലൂക്കിലെ പ്രേത്യേക സാഹചര്യം കണക്കിലെടുത്ത് ഇവിടത്തെ ഹയർ സെക്കണ്ടറി സീറ്റ്‌ ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ചുവടെ ചേർത്തിരിക്കുന്ന നിർദ്ധേശങ്ങൾ പരിഗണിച്ച് 2023-24 വർഷം മുതൽ SSLC കഴിഞ്ഞ് ഉന്നത പഠനത്തിന് യോഗ്യത നേടുന്ന എല്ലാ കുട്ടികൾക്കും ഹയർ സെക്കണ്ടറി പ്രവേശനത്തിന് സൗകര്യം ഒരുക്കണമെന്ന് താല്പര്യപ്പെടുന്നു.

ഹയർ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യേണ്ട വിദ്യാലയങ്ങൾ:

1. ജി. എച്ച്. എസ് കടമ്പാർ (സയൻസ് 07,കോമേഴ്‌സ് 39, ഹ്യുമാനിറ്റീസ് 12)

*മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ വടക്ക് കിഴക്ക് മേഖലയിൽ സ്ഥിതിചെയുന്ന വിദ്യാലയം. ഇതിന്റെ തൊട്ടടുത്ത വോർക്കാടി, മീഞ്ച പഞ്ചായത്തുകളിൽ സർക്കാർ HSS ഇല്ല. പ്രസ്തുത സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതോടെ ഈ രണ്ട് പഞ്ചായത്തുകളിലെ കുട്ടികൾക്ക് കൂടി ഉപകാരപ്രദമാവും.

2. ജി. എച്ച്. എസ് കൊടിയമ്മ (സയൻസ് 01 കോമേഴ്‌സ് 39, ഹ്യുമാനിറ്റീസ് 24)

*കുമ്പള ഗ്രാമ പഞ്ചായത്തിലെ വടക്ക് കിഴക്ക് മേഖലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം. യാത്രാസൗകര്യം അപര്യാപ്തമായ പ്രദേശം, തൊട്ടടുത്ത പുത്തിഗെ പഞ്ചായത്തിലെ കുട്ടികൾക്കും പ്രയോജനമാവും. പിന്നോക്ക ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശം.

3.ജി. എച്ച്. എസ് സൂരംബയൽ 

(പുത്തിഗെ,ബദിയടുക്ക,മധുർ,കുമ്പള പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള സ്‌കൂളായതിനാൽ ഈ പഞ്ചായത്തുകളിലെ നിരവധി വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകും)


അഡിഷണൽ ബാച്ച് / പുതിയ കോഴ്സ് അനുവദിക്കേണ്ടതായ വിദ്യാലയങ്ങൾ

1- ജി. എച്ച്. എസ്. എസ് ഉപ്പള. സയൻസ് (01)

2. ജി. എച്ച്. എസ്. എസ് മംഗൽപാടി(സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം ഉർദു മാതൃഭാഷക്കാർ വസിക്കുന്ന പ്രദേശം )-സയൻസ് (07), ഹ്യുമാനിറ്റീസ് (25)

3.ജി. എച്ച്. എസ്. എസ് മൊഗ്രാൽ -സയൻസ് (01), ഹ്യുമാനിറ്റീസ് (12)

4.ജി. എച്ച്. എസ്. എസ് കുമ്പള -സയൻസ് (01)

5.ജി. എച്ച്. എസ്. എസ് അങ്കടിമോഗർ :സയൻസ്  (01) ( പുത്തിഗെ പഞ്ചായത്തിൽ നിലവിൽ സയൻസ് ബാച്ച് ഇല്ല.)

6. ജി. എച്ച്. എസ് ബങ്കര മഞ്ചേശ്വരം :കോമേഴ്‌സ് 39(ഇവിടെ സെക്കന്റ്‌ ലാംഗ്വേജ് ഹിന്ദി ആവശ്യമാണ്, നിലവിൽ മലയാളം കന്നഡ മാത്രമാണുള്ളത് )

7. ജി. എച്ച്. എസ്. എസ് ഷിറിയ -ഹ്യുമാനിറ്റീസ് (11)

8.ജി. എച്ച്. എസ്. എസ് ബേക്കൂർ :കോമേഴ്‌സ് 39.

9.ജി. എച്ച്. എസ്. എസ് പൈവളികെ സയൻസ് 

വിഎച്ച്എസ്എസ്‌  :

GVHSS മോഗ്രാലിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ FTCP  (ഫീൽഡ് ടെക്‌നിഷൻ കമ്പ്യൂട്ടറിങ് ആൻഡ് പേരിഫറൽസ് ) DNH(ഡിസ്ട്രിബൂഷൻ നെറ്റ്‌വർക്ക് ഹെൽപ്പർ )എന്നിവയാനുള്ളത്. ഇതിൽ DNH നുള്ള തൊഴിലാവസരങ്ങൾ ഈ മേഖലയിൽ വളരെ പരിമിതമാണ്. ഒപ്റ്റിക്കൽ ഫൈബർ ടെക്‌നിഷ്യൻ (OFT) വലിയ സാധ്യതകളും വലിയ തൊഴിലാവസരങ്ങളും ഉള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ എവിടെയും OFT കോഴ്സ് ഇല്ല.ആയതിനാൽ GVHSS മൊഗ്രാലിൽ DNH ന് പകരം OFT കോഴ്സ് തുടങ്ങണമെന്ന് താല്പര്യപ്പെടുന്നു.

ഈ വിദ്യാലയങ്ങളിൽ ആവശ്യമായ അടിസ്ഥാന ഭൗതിക  സൗകര്യങ്ങൾ  എന്റെ MLA ADS (2023 - 24 ), കാസർകോട് വികസന പാക്കേജ് എന്നിവ ഉപയോഗപ്പെടുത്തി ഏർപ്പെടുത്തുന്നതാണ്.

No comments