കെ.സി.വേണുഗോപാല്‍ ഇടപെട്ടു; മഅദനിക്ക് നാട്ടിലെത്താന്‍ വഴിതെളിയുന്നു
കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെത്തിയ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുമായി മഅദനിയുടെ ബന്ധുക്കള്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇടപെടലില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണകൂടം അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്.രോഗബാധിതനായി കഴിയുന്ന പിതാവിനെ കാണാനും ചികിത്സയ്ക്കുമായി ഏപ്രില്‍ 17-നാണ് മഅദനിക്ക് നാട്ടിലെത്താൻ സുപ്രീംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്.
ജൂലായ് എട്ടുവരെ കേരളത്തില്‍ തങ്ങാനായിരുന്നു അനുമതി. കര്‍ണാടക പോലീസിന്റെ സുരക്ഷയില്‍ പോയിവരണമെന്നും ചെലവ് മഅദനി വഹിക്കണമെന്നുമായിരുന്നു കോടതിനിര്‍ദേശം. എന്നാല്‍, സുരക്ഷയൊരുക്കാൻ പ്രതിമാസം 20 ലക്ഷം രൂപവീതം 82 ദിവസത്തേക്ക് 52 ലക്ഷം രൂപയിലധികം കെട്ടിവെക്കണമെന്ന് കര്‍ണാടക മുൻ സര്‍ക്കാര്‍ നിബന്ധന വെച്ചതോടെ യാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു.
യാത്രച്ചെലവിന്റെ കാര്യത്തില്‍ ഇളവു ലഭ്യമാക്കാൻ ഇടപെടണമെന്ന ആവശ്യമുന്നയിച്ചാണ് മഅദനിയുടെ ബന്ധുവും പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, മഅദനിയുടെ സഹോദരങ്ങളായ ജമാല്‍ മുഹമ്മദ്, സിദ്ദിഖ് എന്നിവര്‍ കെ.സി.വേണുഗോപാലിനെ കണ്ടത്. യു.ഡി.എഫ്. കൊല്ലം ജില്ലാ ചെയര്‍മാൻ കെ.സി.രാജന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. സി.ആര്‍.മഹേഷ് എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Post a Comment