നടപടി സന്ദർശനത്തിലൊതുക്കിയെന്ന് ആക്ഷേപം; ശാപമോക്ഷമില്ലാതെ കുമ്പള കഞ്ചിക്കട്ട- കൊടിയമ്മ പാലം.
45 വർഷത്തെ പഴക്കമുള്ള പാലത്തിന്റെ അപകടാവസ്ഥ നാട്ടുകാർ നിരന്തരമായി ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പാലം പുനർനിർമ്മാണത്തിനായി നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. പ്രദേശവാസികളായ ഡിവൈഎഫ്ഐ പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശനം.എന്നാൽ നടപടി പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്ന് നാട്ടുകാർ പറയുന്നു.
പാലത്തിലൂടെ വലിയ വാഹനങ്ങൾ പോകുന്നതിന് അധികൃതർ ബോർഡ് സ്ഥാപിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വലിയ വാഹനങ്ങൾ പോകുന്നതിന് ഇപ്പോഴും തടസ്സമൊന്നുമില്ലെന്ന് നാട്ടുകാർ പറയുന്നു. ഏത് നിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയിലാണ് പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്. കുമ്പള ഗ്രാമപഞ്ചായത്തിലെ കുണ്ടാപ്പ്,താഴെ കൊടിയമ്മ ആരിക്കാടി, ച്ച ത്രപള്ളം, ചൂരിത്തടുക്ക, മളി എന്നിവിടങ്ങളിലെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലമാണ് കഞ്ചിക്കട്ടയിലേത്. സ്കൂൾ ബസുകളും, വിദ്യാർത്ഥികളും ആശ്രയിക്കുന്നതും ഈ പാലമടങ്ങുന്ന കഞ്ചിക്കട്ട- കൊടിയമ്മ റോഡിനെയാണ്. കാലവർഷമൊക്കെ തുടങ്ങാനിരിക്കെ പാലത്തിന് കൈവരികളില്ലാത്തതും, വിദ്യാർത്ഥികൾ ഇതിലൂടെ നടന്നു പോകുന്നതും രക്ഷിതാക്കളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
പാലത്തിന്റെ പുനർനിർമ്മാണത്തിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment