വരുമാനം ലക്ഷ്യം വെച്ച് വൈദ്യുതി നിരക്ക് വർദ്ധനവും,ഡെപ്പോസിറ്റ് തുകയും; ഷോക്കടിച്ച് വ്യാപാരി സമൂഹം.
കുമ്പള(www.truenewsmalayalam.com) : വൈദ്യുതി ബില്ലിൽ ഷോക്കടിച്ച് കുമ്പളയിലെ വ്യാപാരി സമൂഹം. വൈദ്യുതി ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന സർക്കാർ നടപടി പുനഃ പരിശോധിക്കണമെന്നും ആവശ്യം.
തൊട്ടടുത്ത അയൽ സംസ്ഥാനങ്ങൾ വൈദ്യുതി നിരക്ക് കുറച്ചും സൗജന്യങ്ങൾ വാരിക്കോരി നൽകിയും ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുമ്പോൾ സംസ്ഥാന സർക്കാർ അടുത്ത അഞ്ചുവർഷത്തേക്ക് വരുമാന വർദ്ധനവ് ലക്ഷ്യം വെച്ച് ഈ മാസം മുതൽ വൈദ്യുതി വർദ്ധനവ് വരാനിരിക്കെയാണ് ഈ മാസം തന്നെ ലഭിച്ച ബില്ലിൽ "ഡെപ്പോസിറ്റ് 'എന്ന പേരിൽ വാണിജ്യ -വ്യാപാര ഉപഭോക്താക്കൾക്ക് ഇരട്ടി ബിൽ നൽകി കെഎസ്ഇബി ഷോക്കടിപ്പിച്ചിരിക്കുന്നത്. ഇത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. താങ്ങാവുന്നതിൽ അധികമാണ് കുമ്പളയിലെ വ്യാപാരികൾക്ക് ലഭിച്ചിരിക്കുന്ന ബില്ല്. മൂന്നിരട്ടി തുകയാണ് ബില്ലിൽ ഉള്ളത്. 6000 രൂപ മുതൽ 15,000 രൂപ വരെ ലഭിച്ചവരും ഉണ്ട്.
അതേസമയം കെഎസ്ഇബി ശിപാർശ ചെയ്ത ഗാർഹിക വൈദ്യുതി നിരക്ക് വർദ്ധനവ് ഈ മാസം പ്രാബല്യത്തിൽ വരും. അതിന്റെ ബില്ല് കൂടി വരുന്നതോടെ ഗാർഹിക ഉപഭോക്താക്കൾക്കും ഷോക്കാവും. അഞ്ചുവർഷവും വർദ്ധനവിനാണ് ശിപാർശ. "ഫിക്സഡ്'' ചാർജിലും വർദ്ധനവ് വരുന്നതോടെ ഗാർഹിക ഉപഭോക്താക്കൾക്ക് താങ്ങാനാവാത്ത വർദ്ധനവാണ് ഉണ്ടാവുക. അടുത്ത അഞ്ചുവർഷംകൊണ്ട് 41 45.9 കോടി രൂപ സ്വരൂപിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ വൻകിടക്കാരുടെ 3000 കോടി വൈദ്യുതി കുടിശിക പിരിച്ചെടുക്കാൻ കഴിയാത്ത വൈദ്യുതി വകുപ്പ് അധികൃതർ പാവപ്പെട്ട വ്യാപാരികളുടെ നെഞ്ചത്ത് കയറുകയാണെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വ്യാപാര -വാണിജ്യ സ്ഥാപനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ നിലപാട് പുന പരിശോധിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്.
Post a Comment