JHL

JHL

ബി.ഇ.എം സ്കൂൾ കവർച്ച; ഒരാൾ കൂടി പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : ടൗൺ ബി ഇ എം ഹയർസെകൻഡറി സ്‌കൂളിലെ വാതില്‍പൂട്ട് പൊളിച്ച് പണം കവര്‍ന്ന കേസില്‍ ഒരാൾ കൂടി പിടിയിൽ.

 കർണാടക ഉഡുപി സ്വദേശി സഹീദ് സിനാൻ (32) ആണ് പിടിയിലായത്. ഉഡുപിയിൽ നിന്ന് കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാവാനുണ്ട്.

 ജൂൺ 12ന് രാത്രിയോടെയാണ്ഓ സംഭവം, ഫീസ് മുറി കുത്തിത്തുറന്ന് അലമാരിയിൽ സൂക്ഷിച്ച 35,000 രൂപ മോഷ്ടിച്ചുവെന്നാണ് കേസ്. ഇതേദിവസം തന്നെ തൊട്ടടുത്തുള്ള ഗവ. യുപി സ്‌കൂളിലും മോഷണം നടന്നിരുന്നു. ഇവിടെ നിന്ന് ചെറിയ തുക മാത്രമാണ് നഷ്ടപ്പെട്ടത്. ഇതുസംബന്ധിച്ച് പ്രധാനധ്യാപകൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കേസിലെ പ്രധാനപ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ കർണാടക ബെൽതങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ഞുമോൻ ഹമീദ് (49) നേരത്തെ അറസ്റ്റിലായിരുന്നു. സ്‌കൂളിലെ കവർചയ്ക്ക് ശേഷം വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയാണ് നിർണായകമായത്. ഇവിടെ നിന്നും കുഞ്ഞുമോൻ ഹമീദിന്റെ വിരലടയാളം കിട്ടിയിരുന്നതായും ഇതാണ് പ്രതികളിലേക്ക് എത്താൻ സഹായകരമായതെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.

അറസ്റ്റിലായ സഹീദ് സിനാൻ കർണാടകയിലും കേരളത്തിലുമായി 25 മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കേരളത്തിൽ കണ്ണൂരിലാണ് ഒരു കേസുള്ളത്. ബാക്കി കേസുകളെല്ലാം കർണാടകയിലാണ്. മോഷ്ടാക്കൾ മംഗ്ളൂറിലെ ജയിലിൽ വെച്ചാണ് പരിചയപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. സഹീദ് സിനാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
 എസ്ഐ വിഷ്ണു പ്രസാദ്, ഉദ്യോഗസ്ഥരായ ജെയിംസ്, രതീഷ്, ശിവൻ, ഗുരുരാജ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

No comments