JHL

JHL

കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം; രവി പൂജാരി മണ്ഡലം പ്രസിഡണ്ടായി തുടരും

കുമ്പള(www.truenewsmalayalam.com) : കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ നേതൃത്വം കണ്ണ് തുറന്നു. ഫണ്ട്‌ നൽകിയില്ലെന്ന കാരണത്താൽ കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടിനെതിരായ കെപിസിസി നടപടി പിൻവലിച്ചു. രവി പൂജാരി കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായി തുടരുമെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ അറിയിച്ചു. ഇത് സംബന്ധിച്ച് ഡിസിസി നിർദേശം രവി പൂജാരിക്ക് ലഭിച്ചു.

 പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിനിടെയാണ് കെപിസിസിയുടെ സമരാഗ്നി പരിപാടിക്ക് ഫണ്ട് നൽകിയില്ലെന്ന കാരണത്താൽ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരിക്കെതിരെ കെ പിസിസി പുറത്താക്കൽ നടപടി എടുത്തത്. ജില്ലയിൽ അത്തരത്തിൽ 5 മണ്ഡലം പ്രസിഡണ്ട് മാർക്കെതിരെയാണ് നടപടി എടുത്തിരുന്നത്.

 വൈകിയാണെങ്കിലും ഫണ്ട് നൽകിയതിനെ തുടർന്ന് നേരത്തെ 2 മണ്ഡലം പ്രസിഡണ്ടുമാർക്കെതിരെയുള്ള നടപടി റദ്ദാക്കി  പ്രസിഡണ്ട് സ്ഥാനം പുനസ്ഥാപിച്ചിരുന്നു.രവി പൂജാരിയും ഫണ്ട് നൽകാമെന്നേറ്റതിനെ തുടർന്നാണ് പ്രസിഡന്റ് സ്ഥാനം പുനസ്ഥാപിച്ചത്.

 വർഷങ്ങളായി സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന രവി പൂജാരിക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞപ്രാവശ്യം മണ്ഡലം പ്രസിഡണ്ട് സ്ഥാനം ലഭിച്ചത്. കെപിസിസിയും, ഡിസിസിയും ആഹ്വാനം ചെയ്യുന്ന എല്ലാ പാർട്ടി പരിപാടികളും കുമ്പളയിൽ സംഘടി പ്പിക്കാൻ രവി പൂജാരി മണ്ഡലം പ്രസിഡണ്ട് എന്ന നിലയിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇത് കുമ്പളയിൽ കോൺഗ്രസിന് പുത്തനുണർവും, പ്രവർത്തകരിൽ ആവേശവും ഉണ്ടാക്കിയിരുന്നു.എന്നിട്ട് പോലും ഫണ്ടിന്റെ പേരിലെടുത്ത നടപടിയെയാണ് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തത്.

 പുറത്താക്കൽ നടപടി പത്രവാർത്ത മുഖേനയാണ് രവി പൂജാരി അറിഞ്ഞിരുന്നത്.ഈ നടപടിയെയും രവി പൂജാരി ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡണ്ടിന് കത്ത് അയക്കുകയും ചെയ്തിരുന്നു. 


No comments