വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് കമ്പനികൾ
ന്യൂഡൽഹി(www.truenewsmalayalam.com) : വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് എണ്ണകമ്പനികൾ. 19 കിലോ ഗ്രാം സിലിണ്ടറിന്റെ വില 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില പുതിയ റെക്കോഡിലെത്തി.
ഇന്ത്യ ഓയിൽ കോർപ്പറേഷൻ വെബ്സൈറ്റ് പ്രകാരം ഡൽഹിയിലെ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില 1795 രൂപയായാണ് വർധിച്ചത്. മുംബൈയിൽ സിലിണ്ടറൊന്നിന് 1749 രൂപയും കൊൽക്കത്തയിൽ 1911 രൂപയുമാണ് വില.
അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചിട്ടില്ല. ഇതിന് മുമ്പ് ആഗസ്റ്റിലാണ് ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയത്. അന്ന് സിലിണ്ടറൊന്നിന് 200 രൂപ കുറക്കുകയാണ് ചെയ്തത്.
പ്രകൃതിവാതകത്തിന്റെ വില കേന്ദ്രസർക്കാർ വർധിപ്പിച്ചതിന് പിന്നാലെയാണ് ഗ്യാസിനും വിലകൂടുന്നത്. ആഭ്യന്തര പ്രകൃതിവാതകത്തിന്റെ വില മില്യൺ മെട്രിക് ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് 8.17 ഡോളറായാണ് കേന്ദ്രം വർധിപ്പിച്ചത്. കഴിഞ്ഞ മാസം ഇത് 7.85 ഡോളറായിരുന്നു.
എൽ.പി.ജി സിലിണ്ടറിനൊപ്പം വിമാന ഇന്ധനത്തിന്റെ വിലയും എണ്ണകമ്പനികൾ കൂട്ടിയിട്ടുണ്ട്. തുടർച്ചയായ നാല് തവണ വിമാന ഇന്ധനത്തിന്റെ വില കുറച്ചതിന് ശേഷമാണ് ഇപ്പോൾ വർധിപ്പിക്കുന്നത്.
Post a Comment