ജില്ലയിൽ നിരവധി വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. ഞായറാഴ്ച റെഡ് അലെർട്ട്.
കാസർകോട് (www.truenewsmalayalam.com 10 Aug 2019): ജില്ലയിൽ നിരവധിയിടങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. കാസർകോട് ബളാൽ കോട്ടക്കുന്നിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് കുടുങ്ങിയ നാല് പേരെ രക്ഷിച്ചു. ചിറ്റാരിക്കൽ ഗോക്കടവ് സ്വദേശിനി സജിനിയുടെ വീടും മണ്ണിടിഞ്ഞ് പൂർണമായി തകർന്നു. വീട്ടിലുള്ളവരെല്ലാം ദുരിതാശ്വാസക്യാംപിലേക്ക് മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. വീടിന്‍റെ അത്രയും ഉയരത്തിൽ മണ്ണ് കിടക്കുകയാണ്.
ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് ബളാൽ കോട്ടക്കുന്നിൽ വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്. ബളാൽ കോട്ടക്കുന്ന് ചെട്ടി അമ്പുവിന്‍റെ വീട്ടിലേക്ക് ആണ് മണ്ണിടിഞ്ഞ് വീണത്. 58 വയസ്സുള്ള വൃദ്ധയടക്കം ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. വീടിനകത്ത് ആളുണ്ടോ എന്ന് സംശയം ഉണ്ടായിരുന്നു. പിന്നീട് തെരച്ചിൽ നടത്തിയപ്പോഴാണ് ആളുണ്ടെന്ന് മനസ്സിലായത്. തുടർന്ന് രക്ഷാപ്രവർത്തനം നടത്തി നാല് പേരെയും പുറത്തേക്കെത്തിക്കുകയായിരുന്നു.
ഇവിടേക്കുള്ള റോഡും ഇടിഞ്ഞ അവസ്ഥയാണ്. കാസർകോട് തെക്കിൽ ആലട്ടി റോഡിൽ കരിച്ചേരി വളവിൽ വ്യാപകമായി മണ്ണിടിഞ്ഞു കൊണ്ടിരിക്കുകയാണ്. പറമ്പ് മുതൽ പെർളടുക്കം വരെയുള്ള സ്ഥലത്ത് പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിച്ച് യാത്ര നിരോധിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയെ മുൻ നിർത്തി രാത്രി 8 മണി മുതൽ രാവിലെ 6 മണിവരെ കരിച്ചേരി ഭാഗത്ത് കൂടെയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.
Post a Comment