JHL

JHL

മഞ്ചേശ്വരത്ത് മണൽമാഫിയ അഴിഞ്ഞാട്ടം വീണ്ടും. സംഘടിച്ചെത്തിയ അഞ്ചംഗ സംഘം വീട് അടിച്ചു തകർത്ത ശേഷം വീട്ടമ്മയെ കയ്യേറ്റം ചെയ്തു.

മഞ്ചേശ്വരം (True News 19  August 2019): മഞ്ചേശ്വരത്ത് മണൽമാഫിയ അഴിഞ്ഞാട്ടം വീണ്ടും.  സംഘടിച്ചെത്തിയ അഞ്ചംഗ സംഘം വീട് അടിച്ചു തകർത്ത ശേഷം വീട്ടമ്മയെ കയ്യേറ്റം ചെയ്തു. ഗുരുതര പരിക്കേറ്റ വീട്ടമ്മയെ
കാസറഗോഡ്  സ്വകാര്യ ആശുപത്രിയിൽ  എത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതായതിനാൽ  മംഗളൂറുവിലേക്ക്  മാറ്റി.

ഞായറാഴ്ച്ച ഉച്ചയ്ക്ക്  മഞ്ചേശ്വരം കണ്വതീർത്തയിലാണ് സംഭവം. വെൽഫെയർ പാർട്ടി നേതാവ് ഫെലിക്സ് ഡിസൂസയുടെ ഭാര്യയും വീട്ടമ്മയുമായ റീത്ത ഡിസൂസയ്ക്കു നേരെയാണ് അക്രമം നടന്നത്.

വീട് കയറി അക്രമം നടത്തിയ സംഘം വീടിന്റെ ജനാല അടിച്ച്  തകർക്കുകയും തടയാൻ ചെന്ന റീത്തയെ വടി കൊണ്ട് മർദ്ധിക്കുകയുമായിരുന്നു. മർദ്ധനത്തിൽ ഇവരുടെ നാലു പല്ലുകൾ തകർന്നിട്ടുണ്ട്. കൈക്ക് സാരമായ പരിക്കും പറ്റി.

മഞ്ചേശ്വരം പഞ്ചായത്തില്‍ അഞ്ചര മുതല്‍ ചര്‍ച്ച്‌ ബീച്ച്‌ വരെയുള്ള രണ്ടുകിലോമീറ്റര്‍ കടലോരത്ത് രണ്ടുമീറ്ററോളം ആഴത്തില്‍ മണല്‍ വാരി തീരം അപകട ഭീഷണിയിലാണ്. മുന്നൂറോളം വീടുകളിലായി ആയിരത്തിലേറെപ്പേര്‍ താമസിക്കുന്നു മേഖലയാണിത്. 

കര കടലെടുത്ത് ജനവാസകേന്ദ്രങ്ങളിലേക്ക് വെള്ളമെത്തുന്ന സ്ഥിതിയുണ്ടായതോടെ റീത്തയുടെ നേത്രത്വത്തിൽ കഴിഞ്ഞ ദിവസം സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ ചേർന്ന് മണല്‍ കടത്തുന്ന മിനിലോറി തടഞ്ഞു വെച്ചിരുന്നു. 

വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ കുണ്ടുകൊളുക്ക പാര്‍ക്കിനു സമീപത്തായാണ് സ്ത്രീകളടക്കമുള്ള നാല്‍പ്പതോളം പേര്‍ സംഘടിച്ചത്. ലോറികള്‍ തടയാനുള്ള ശ്രമത്തിനിടെ ലോറി ഒരു സ്ത്രീയെ തട്ടിയിടാന്‍ ശ്രമിച്ചു. ഈ ലോറി സമീപത്തെ ലൂയിസ് ഡിസൂസയുടെ വീടിന്റെ മതിലിലും ഇടിച്ചു. മറ്റൊരു മിനി ലോറി നാട്ടുകാര്‍ തടഞ്ഞ് കാറ്റഴിച്ചുവിടുകയായിരുന്നു.

ഇതിലുള്ള വൈരാഗ്യം മൂലമാണ് നൗഫൽ, മോണു തുടങ്ങിയ അഞ്ചുപേർ സംഘം ചേർന്ന് അക്രമം നടത്തിയത്. വീടിന്റെ ജനൽ ചില്ലുകളും  വാതിലും  അടിച്ചു തകർത്ത സംഘത്തെ തടയാൻ ശ്രമിച്ചപ്പോഴാണ് റീത്തക്ക് നേരെ അക്രമം നടന്നത്.

റീത്തയുടെ പരാതി പ്രകാരം നൗഫൽ, മോണു തുടങ്ങിയ അഞ്ചുപേർക്കെതിരെ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇതിൽ നൗഫലിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റീത്തയുടെ വീടിനു പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.

No comments