JHL

JHL

'പുത്തിഗെ വയലില്‍ നടീല്‍ ഉത്സവം' പാഠം ഒന്ന് : പാടം


കുമ്പള (True News 14 August 2019) :  കൃഷി ഒരു ജീവിത സംസ്‌കാരമായി കാണാന്‍ പഠിപ്പിക്കുന്ന പാഠ്യപദ്ധതിയില്‍നിന്നും കൃഷിയറിവുകള്‍ തേടി കുട്ടികള്‍ പുത്തിഗെ പാഠശേഖരത്തിലെത്തി. പുത്തിഗെ എ.ജെ.ബി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കൃഷിപാഠമറിയാന്‍ വയലിലിറങ്ങിയത്. പരിസരപഠന പുസ്തകത്തിലെ പാഠങ്ങളുടെ നേരറിവുകള്‍ പകര്‍ന്നു നല്‍കാനായിരുന്നു അധ്യാപകര്‍ക്കൊപ്പം കുട്ടികളും പാടത്തിറങ്ങിയത്. ഞാറ്റുപാട്ടിന്റെ താളത്തിൽ പുത്തിഗെ വയലിൽ ആഘോഷത്തോടെ അവർ ഞാറുനട്ടു.  തരിശുകിടന്ന നാലേക്കർ വയലിൽ പുത്തിഗെ പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് നെല്‍കൃഷിയിറക്കുന്നത്. 
നിലമൊരുക്കി ഞാറുനട്ട് കൃഷിയോഗ്യമാക്കിയ പുത്തിഗെ വയല്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി. ഏറെ ഗുണനിവലാരമുള്ള ആതിര നെല്‍വിത്ത് വിളയിച്ചെടുത്ത ഞാറുകള്‍ നടീല്‍ യന്ത്രമുപയോഗിച്ചാണ് നട്ടത്. നിരവധിപേർ  നടീല്‍ ഉത്സവത്തില്‍ പങ്കാളികളായി. മുന്‍ കാലങ്ങളില്‍ ഏറെ സജീവമായിരുന്ന പുത്തിഗെയുടെ കാര്‍ഷിക സംസ്‌കൃതി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തകര്‍ വയലിലിറങ്ങിയത്. ഇന്ന് നിലമുഴുന്നതും ഞാറുനടുന്നതുമെല്ലാം യന്ത്രസഹായത്താല്‍ ആണെങ്കിലും പ്രദേശത്തെ പാരമ്പര്യ കര്‍ഷകര്‍ കുട്ടികളുമായി പോയകാലത്തിന്റെ കൃഷിയോര്‍മ്മകള്‍ പങ്കുവച്ചു. മഹാലിംഗേശ്വര ഭട്ട്, ഉമാനാഥ ഭണ്ഡാരി, പാലാക്ഷ റൈ വേണുഗോപാല റൈ,ശിവപ്രസാദ്, രാജേഷ് കോടിച്ചാല്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. പുത്തിഗെ കൃഷി ഓഫീസർ നഫീസത്ത്‌ ഹംഷീന കുട്ടികൾക്ക് കൃഷിയറിവുകൾ പകർന്നു നൽകി.  അധ്യാപകരായ എ.വി ബാബുരാജ്, രാഹുൽ ഉദിനൂർ,  ജോൺസൻ എബ്രഹാം,  ടി.എന്‍ ഉണ്ണികൃഷ്ണന്‍, അന്‍വര്‍ ഷാ എന്നിവര്‍ നേതൃത്വം നല്‍കി.

No comments