JHL

JHL

ഭരണകൂട ഭീകരതയുടെ ഇരയായി ജയിലിൽ കഴിയുന്ന ഐ.പി.എസ്‌ ഓഫീസർ സഞ്ചീവ് ഭട്ട് തന്റെ ഭാര്യക്കെഴുതിയ ഹൃദയഭേദകമായ കത്ത്


അഹ്മദാബാദ്: 30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ കത്ത് പുറത്തു വിട്ട് ഭാര്യ ശ്വേതാ ഭട്ട്. സഞ്ജീവ് ഭട്ട് ഭാര്യയ്ക്കും മക്കള്‍ക്കുമായി എഴുതിയ ഹൃദയഭേദകമായ കത്താണ് ശ്വേത പുറത്തുവിട്ടത്. അനീതികളോട് രാജിയാവാതെ എന്നും പോരാട്ടം തുടരുന്ന തന്റെ ആദര്‍ശത്തിനു പിന്നില്‍ ഭാര്യ ശ്വേതയാണെന്നു സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ ഭട്ട് പറയുന്നു ഞാന്‍ ഇന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ എല്ലാത്തിനും കാരണം നീയാണ്. തന്റെ കരുത്തും പ്രചോദനവും നീയാണ്. അസാധാരണകള്‍ക്കെതിരേ കത്തുന്ന തന്നിലെ ആദര്‍ശത്തിന്റെയും അഭിനിവേശത്തിന്റയും ചൂളയിലെ ഇന്ധനവും നീയാണ്. കുറച്ചുവര്‍ഷങ്ങളായി എന്റെ തീരുമാനങ്ങളുടെ വില നീയും മക്കളും നല്‍കുന്നു- ഇരുട്ടിന്റെ ഹൃദയം എന്നു സംബോധന ചെയ്ത കത്തില്‍ ഭട്ട് പറയുന്നു.

സ്‌നേഹത്താല്‍ നാം നിര്‍മിച്ച വീടിന്റെ ഒരു ഭാഗം ഇടിച്ചുനിരത്തിയത് നിസഹായനായി നോക്കി നില്‍ക്കേണ്ടി വന്നതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും ഭട്ട് കത്തില്‍ വിശദീകരിക്കുന്നു. അനധികൃത നിര്‍മാണമെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം സജ്ഞീവ് ഭട്ടിന്റെ വീടിന്റെ ഒരു ഭാഗം അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേന്‍ ഇടിച്ചുനിരത്തിയിരുന്നു.
30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസില്‍ ഗുജറാത്തിലെ ജാംനഗര്‍ സെഷന്‍സ് കോടതിയാണ് സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഗുജറാത്ത് വംശഹത്യകേസില്‍ നരേന്ദ്രമോദിക്കെതിരേ മൊഴി നല്‍കിയ ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. ഗോധ്ര സംഭവത്തിന് ശേഷം ഹിന്ദുത്വര്‍ക്കു വംശഹത്യ നടത്താന്‍ അവസരമുണ്ടാക്കണമെന്ന് മുഖ്യമന്ത്രിയായിരുന്ന മോദി പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞുവെന്നായിരുന്നു സഞ്ജീവ് ഭട്ട് അന്വേഷണ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്. ഇതേ തുടര്‍ന്നു നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ശത്രുതക്കിരയായ ഭട്ടിനെ 2011ല്‍ സസ്‌പെന്‍ഡ് ചെയ്യുകയും 2015ല്‍ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു, ജോലിക്ക് ഹാജരായില്ല തുടങ്ങിയ ആരോപണങ്ങളുടെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. 1990ല്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ അഡീഷനല്‍ സൂപ്രണ്ട് ആയിരിക്കേ നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. എല്‍കെ അദ്വാനിയുടെ രഥയാത്രക്ക് പിന്നാലെ മേഖലയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകളെ അന്നു ഭട്ടിന്റെ നേതൃത്ത്വത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഈ പ്രതികളിലൊരാളായ പ്രബുദാസ് മാധവ്ജി വൈഷ്ണവി പിന്നീട് ആശുപത്രിയില്‍ വച്ചു മരിച്ചു. ഇയാളുടെ മരണം കസ്റ്റഡിമരണമാണെന്നു കണ്ടെത്തിയാണ് കോടതി ഭട്ടിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. അതേസമയം പ്രബുദാസ് മാധവ്ജി വൈഷ്ണവിയുടെ മരണകാരണം വൃക്ക തകരാര്‍ മൂലമാണെന്നു മെഡിക്കല്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ പുതിയതായി 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന ആവശ്യമുന്നയിച്ചു ആഴ്ചകള്‍ക്ക് മുന്‍പ് സജീവ് ഭട്ട് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. നീതിയുക്തവും ന്യായപൂര്‍ണവുമായ വിധിക്ക് പുതിയതായി 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്നായിരുന്നു ഭട്ടിന്റെ ആവശ്യം. എന്നാല്‍ കോടതി ഭട്ടിന്റെ വാദം തള്ളി. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു സഞ്ജീവ് ഭട്ട് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് കേസ് എടുത്തിരുന്നെങ്കിലും ഗുജറാത്ത് ഹൈക്കോടതിയുടെ സ്‌റ്റേ മൂലം 2011 വരെ കേസില്‍ വിചാരണ ആരംഭിച്ചിരുന്നില്ല.

No comments