JHL

JHL

ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാൻ തലപ്പാടിയിൽ നൂറ് സഹായ കേന്ദ്രങ്ങൾ ; പരിശോധനാ വേളയിൽ വാഹനങ്ങളിലെത്തി ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുന്നതിനു ദേശീയ പാതയ്ക്ക് ഇരുവശങ്ങളിലും 50 വീതം സഹായം കേന്ദ്രങ്ങൾ ഒരുക്കും

കാസർകോട്(True News 3 May 2020): ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവരെ പരിശോധനയ്ക്കു വിധേയമാക്കുന്നതിന് അധ്യാപകരെ കൂടി ഉൾപ്പെടുത്തി അതിർത്തിയിൽ 100 സഹായ കേന്ദ്രങ്ങൾ സജ്ജമാക്കുന്നു. നാളെ മുതൽ ആളുകൾ എത്താൻ സാധ്യതയുണ്ടെന്ന് പറയുന്നുവെങ്കിലും അന്തിമ തീരുമാനമായില്ലെന്ന് അധികൃതർ സൂചിപ്പിച്ചു. പതിനെട്ടായിരത്തോളം ആൾക്കാരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനു തലപ്പാടിയിലാണു സഹായ കേന്ദ്രങ്ങൾ തുറക്കുന്നത്. പരിശോധനാ വേളയിൽ വാഹനങ്ങളിലെത്തി ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുന്നതിനു ദേശീയ പാതയ്ക്ക് ഇരുവശങ്ങളിലും 50 വീതം സഹായം കേന്ദ്രങ്ങൾ ഒരുക്കും. 
സഹായകേന്ദ്രം ക്രമീകരിക്കുന്നതിന് ആവശ്യമായ പന്തൽ, വൈദ്യൂതി, മറ്റു അനുബന്ധ സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിന് മഞ്ചേശ്വരം തഹസിൽദാർ, പൊതുമരാമത്ത്, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവരെ ചുമതലപ്പെടുത്തി. ഓരോ ഹെൽപ് ഡെസ്‌കിലും രണ്ട് വീതം അധ്യാപകരെ ചുമതലപ്പെടുത്തും. സഹായ കേന്ദ്രങ്ങളിൽ  5 വീതം ഡെസ്‌ക്കുകളുടെ ചുമതല ഒരു വില്ലേജ് ഓഫിസർക്കായിരിക്കും.   വില്ലേജ് ഓഫിസർമാർക്കു പുറമേ ഓരോ 10 സഹായ കേന്ദ്രങ്ങളുടെയും ചുമതല ഓരോ ജൂനിയർ സൂപ്രണ്ട് അല്ലെങ്കിൽ ഡപ്യൂട്ടി തഹസിൽദാർ എന്ന നിലയിൽ 10 റവന്യു ഉദ്യോഗസ്ഥരെ ഏൽപ്പിക്കും. ദേശീയപാതയുടെ ഇരുവശങ്ങളിലും സജ്ജീകരിച്ച 50 സഹായ കേന്ദ്രങ്ങളിൽ നീരീക്ഷണത്തിനായി ഓരോ ഡപ്യൂട്ടി കലക്ടർമാരെ നിയോഗിക്കും.  കൺട്രോൾ റൂം സ്ഥാപിക്കും  അതിർത്തിയിലെ ഹെൽപ് ഡെസ്‌കുകളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കൺട്രോൾ റൂം സ്ഥാപിക്കും.  ഇവിടെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കു ഭക്ഷണം തയാറാക്കി നൽകുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തി. ഓരോ ഹെൽപ് ഡെസ്‌കിലും ലഭ്യമാകുന്ന രേഖകളുടെ അടിസ്ഥാനത്തിൽ വാഹനവും യാത്രക്കാരുടെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിന് ആർടിഒ അധികൃതരെയും ജെഎച്ച്ഐമാരേയും ഒരു മെഡിക്കൽ ഓഫിസറെയും നിയോഗിക്കും.  കോവിഡ് ലക്ഷണം പ്രകടിപ്പിക്കുന്നവരുടെ സാംപിൾ എടുക്കുന്നതിന് ആംബുലൻസിൽ അവരെ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിൽ എത്തിക്കും. വാഹനത്തിൽ യാത്രചെയ്യുന്നവരുടെ വിവരങ്ങൾ അടങ്ങിയ രേഖ ക്യാപ്റ്റൻ/ ഡ്രൈവർ മാത്രമേ ഹെൽപ് ഡെസ്‌കിൽ ഹാജരാക്കുന്നതിന് ഇറങ്ങാൻ അനുവദിക്കാവു. തുടർ യാത്ര അനുവദിക്കുന്നതിനു മുൻപ് ജില്ലയിൽ ഒരിടത്തും വണ്ടി നിർത്തുകയില്ല എന്നും ആളുകളെ ഇറക്കുകയില്ല എന്നും സമ്മതിച്ചുള്ള സാക്ഷ്യപത്രം വാങ്ങണം.  അതിർത്തിയിൽ ആളുകളേയുംകൊണ്ട് കൂടുതൽ വണ്ടികൾ എത്തിച്ചേരാൻ സാധ്യതയുള്ളതിനാൽ ഹെൽപ് ഡെസ്‌ക്കുകൾ 24  മണിക്കൂറും പ്രവർത്തിക്കും. ഇതിനായി റവന്യൂ, പൊലീസ്, ആർടിഒ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് രണ്ട് ഷിഫ്റ്റും (12 മണിക്കൂർ ഡ്യൂട്ടി) അധ്യാപകർക്ക് മൂന്ന് ഷിഫ്റ്റും ( 8 മണിക്കൂർ ഡ്യൂട്ടി) ഏർപ്പെടുത്തും.

No comments