JHL

JHL

കോവിഡ് 19 പ്രതിസന്ധി; കാസർക്കോട്ടെ ട്രാവൽ ഏജൻസികൾ സമരത്തിൽ

കാസർഗോഡ്(True News 30 June 2020): വ്യോമയാത്രാ വിലക്ക് മൂലം റദ്ദ് ചെയ്ത വിമാനടിക്കറ്റുകൾക്ക് കൃത്യമായി റീഫണ്ട് നൽകാതെ ട്രാവൽ ഏജൻസികളെയും യാത്രക്കാരെയും കബളിപ്പിക്കുന്ന വിമാനകമ്പനികൾക്കെതിരെയും  പ്രതിസന്ധി സമയത്ത് ടൂറിസം മേഖലയെ പരിഗണിക്കാതെ മാറ്റി നിർത്തുന്ന സർക്കാരുകൾക്കെതിരെയും കാസർക്കോട്ടെ ട്രാവൽ ഏജൻസികൾ സമരമുഖത്ത്. സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം  ഇന്ത്യൻ ഫെഡറേഷൻ ഓഫ് ട്രാവൽ ആൻഡ് ടൂർസ് ഏജന്റ്സ് (IFTTA) കാസർക്കോട് ജില്ലാ കമ്മറ്റി കാസർഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.

കോവിഡ് 19 യാത്രാവിലക്ക് മൂലം ട്രാവൽ മേഖല സ്തംഭിച്ചതിനാൽ 90  ശതമാനം ട്രാവൽ ഏജൻസികളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. അടഞ്ഞു കിടക്കുന്ന ഈ അവസരത്തിലും പല ഓഫിസുകളും വാടകയിനത്തിൽ വലിയ പ്രതിസന്ധിയിലാണ്.ലോക്ക് ഡൗൺ മാറി ലോകം പൂർവ്വ സ്ഥിതിയിലായാലും, മുടങ്ങിക്കിടക്കുന്ന കെട്ടിടവാടക, വൈദ്യതി ബിൽ, ടെലഫോൺ-മൊബൈൽഫോൺ -ഇന്റർനെറ്റ്  കുടിശ്ശിക, ബാങ്ക് വായ്പാ തിരിച്ചടവുകൾ എന്നിവയെ അതിജയിക്കാൻ യാതൊരു മാർഗ്ഗവും മുന്നിലില്ലാ എന്നതാണ് വാസ്തവം. ഒരുപക്ഷെ, തൽസ്ഥിതി തുടർന്നാൽ മറ്റ് മാർഗ്ഗങ്ങളില്ലാതെ പിടിച്ചു നിൽക്കാൻ സാധിക്കാതെ പല ഏജൻസികൾക്കും അടച്ചു പൂട്ടേണ്ടി വരും. നൂറ് കണക്കിന് ഏജൻസികൾ എന്നെന്നേക്കുമായി അടച്ചുപൂട്ടിയിരിക്കുന്നു. ആയിരക്കണക്കിന് ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. ട്രാവൽ രംഗത്തെ പതിനായിരക്കണക്കിനാളുകൾക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. കോവിഡ് കാലത്ത് കേരളത്തിലെ  ടൂർസ് & ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ലക്ഷത്തോളം വരുന്ന ആളുകളുടെ പ്രശ്നങ്ങൾ IFTTA, KUWA എന്നീ സംഘടനകൾ പലതവണ കേന്ദ്ര-സംസ്ഥാന  സർക്കാറുകളുടെ ശ്രദ്ധയിൽ എത്തിച്ചിരുന്നുവെങ്കിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അതിനാൽ തന്നെ റദ്ധാക്കിയ മുഴുവൻ വിമാന സർവീസുകളുടെയും ടിക്കറ്റ് തുക ക്യാഷ് റീഫണ്ടായി നൽകാൻ സമ്മർദ്ധം ചെലുത്തുക, സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുക. പലിശ രഹിത  വായ്പ ഉൾപ്പെടെ വിവിധ സാമ്പത്തിക സഹായം പ്രഖ്യാപിക്കുക, കെട്ടിടവാടക, ടൂറിസ്റ്റ്‌ വാഹനങ്ങളുടെ നികുതി ഒഴിവാക്കുക,ടാക്സ് ഇളവുകൾ നൽകുകളും ജി. എസ്. ടി, സെസ് എന്നിവയും ഒഴിവാക്കി നൽകുക, ടെലഫോൺ-മൊബൈൽ-ഇന്റർനെറ്റ് ബിൽ കുടിശ്ശിക ഒഴിവാക്കി നൽകുക, പ്രവാസികളെ കുറഞ്ഞനിരക്കിൽ നാട്ടിലെത്തിക്കാൻ സാധാരണ ഷെഡ്യൂൾഡ് വിമാന സർവ്വീസുകൾ ആരംഭിക്കുക, മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി IFTTA ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ സമരം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രാവൽ ഏജൻസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും കേന്ദ്ര-കേരളാ സർക്കാരുകൾക്ക് മുൻപിൽ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഇഫ്റ്റ ജില്ലാ സെക്രട്ടറി നിസാർ തായാൽ  ഫ്ലൈവിംഗ്  സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് അബ്ദുല്ല മൗലവി ട്രാവൽസ് അധ്യക്ഷത വഹിച്ചു. ഇഫ്റ്റ സംസ്ഥാന സമിതി അംഗം നൂറുൽ ഹസ്സൻ മൗലവി ട്രാവൽസ് ,CT അബ്ദുൽ കാദർ ഖിദ്മ സഹാറ എന്നിവർ സംബന്ധിച്ചു. സമരത്തിന് ഇഫ്റ്റ ജില്ലാ ഭാരവാഹികളായ അബ്ദുൽറഹ്‌മാൻ യു.ഏ.ഇ ട്രാവൽസ്, ഷംസുദ്ധീൻ അൽ-അസ്‍ജാസ് ട്രാവൽസ്, മൊയ്ദു സി.എം ട്രാവൽസ്,മൊയ്‌ദീൻ കാൻകോഡ്, പ്രസാദ് ജിയാ ട്രാവെൽസ്, നജീബ് ശരീഫാ ട്രാവെൽസ്, സജിത് ഫ്രീലാണ്ട്, എന്നിവർ നേതൃത്വം നൽകി. ജില്ലാ ട്രഷറർ നസീർ പട്ടേൽ എമിറേറ്റ്സ് ട്രാവൽസ് നന്ദി പ്രകാശിപ്പിച്ചു.

No comments