JHL

JHL

ശിശു വികസന പദ്ധതി ഓഫീസ് ; സീതാംഗോളിയിൽ നിർമ്മിച്ച പുതിയ കെട്ടിടം മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീൻ ഉദ്‌ഘാടനം ചെയ്തു

സീതാംഗോളി(True News 17 June 2020): മഞ്ചേശ്വരം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിനായി സീതാംഗോളിയില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച പുതിയ ഇരുനില കെട്ടിടം എം. സി. ഖമറുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍പ്പെട്ട എണ്‍മകജെ, മംഗല്‍പാടി, പുത്തിഗെ ഗ്രാമ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന 103 അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങള്‍ ഇനി ഈ പുതിയ കെട്ടിടത്തില്‍ നിന്നും ഏകോപിപ്പിക്കും.
അങ്കണവാടി ഗുണഭോക്താക്കളും ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഭാഗം ജനങ്ങള്‍ക്കും നേരിടുന്ന പ്രയാസം ഇനി പരിഹരിക്കാനാവും. ഓഡിറ്റോറിയം, ഓഫീസ് ക്യാബിനുകള്‍, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തിയാണ് പണി പൂര്‍ത്തിയാക്കിയത്.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മമത ദിവാകര്‍, പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ജെ. അരുണ, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡീന ഭരതന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത്, ബി.ഡി.ഒ. എന്‍. സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി തേനമൃത് ന്യൂട്രിബാര്‍ വിതരണത്തിന്റെ പ്രൊജക്ട് തല ഉദ്ഘാടനവും അങ്കണവാടി ഓലൈന്‍ ക്ലാസ് ഉദ്ഘാടനവും നടന്നു.

No comments