JHL

JHL

ആതുര ശുശ്രൂഷ സേവന രംഗത്ത് അര നൂറ്റാണ്ട് പിന്നിടുന്ന കുമ്പളയിലെ ആദ്യകാല ഡോക്ടറായ ഡോ:സർവ്വേശ്വര ഭട്ടിനെ (മാളിക ഡോക്ടർ) മൊഗ്രാൽ ദേശീയവേദി ആദരിക്കാനൊരുങ്ങുന്നു

കുമ്പള (True News 30 June 2020): 1968 ജനുവരി 18 മുതലാണ് ഡോ: സർവ്വേശ്വര ഭട്ട് കുമ്പള ബസ്‌സ്റ്റാന്റിനടുത്തുള്ള ഇരുനില കെട്ടിടത്തിലെ മുകൾ നിലയിൽ "ഷാംരാജ് ക്ലിനിക്" എന്ന പേരിൽ ആതുര സേവനം തുടങ്ങിയത്. 52 വർഷങ്ങളായി ഇന്നും അത് തുടർന്ന് പോരുന്നു. മുകളിലെ നിലയിലെ ക്ലിനിക് എന്നത് കൊണ്ടാവണം പഴമക്കാർ സർവ്വേശ്വര ഭട്ട്  എന്ന പേരിനേക്കാളും 'മാളിക ഡോക്ടർ' എന്ന പേര് വിളിക്കാൻ ഇഷ്ടപ്പെടുന്നത്.

 1968ൽ കുമ്പളയിൽ സേവനം തുടങ്ങിയത് മുതലിങ്ങോട്ട് 8 വർഷത്തോളം വിശ്രമമില്ലാത്ത സേവനമായിരുന്നുവെന്നും, അത്യാവശ്യ ഘട്ടങ്ങളിലും ഒരു ദിവസം പോലും ലീവ് എടുക്കാൻ സാധിച്ചിരുന്നില്ലെന്നും ഡോക്ടർ പറയുന്നു. 

 കാൽ നടയായും, കാള വണ്ടിയിലും, തോണിയിലുമായി 10 കിലോമീറ്റർ ദൂരം വരെയുള്ള വീടുകളിൽ വരെ പോയി ഡോക്ടർ ചികിത്സ നടത്തിയിരുന്നു. അന്ന് കുമ്പളയിൽ രണ്ട് ടാക്സികളെ ഉണ്ടായിരുന്നുള്ളൂ. ഒന്ന് അയിത്തപ്പ ഷെട്ടിയാരും, മറ്റേത് അബ്ദുല്ല സാഹിബും. എന്നാലും റോഡും പാലവും കൃത്യമായി ഇല്ലാത്തത് കാരണം രാത്രി കാലങ്ങളിൽ പോലും തോണിയിൽ കിലോമീറ്ററുകളോളം യാത്ര ചെയ്ത് സേവനം ചെയ്തിരുന്നുവെന്നും കൂടി ഡോക്ടർ ഓർക്കുന്നു.

 കുമ്പള, പെർള, സീതാംഗോളി, ആരിക്കാടി, കോയിപ്പാടി, മൊഗ്രാൽ, കൊടിയമ്മ തുടങ്ങിയ പ്രദേശങ്ങളിലെ ഏക ആശ്രയമായിരുന്നു ഡോക്ടർ സർവ്വേശ്വര ഭട്ട്.

 ധർമ്മത്തടുക്ക സ്കൂളിലാണ് ഡോക്ടർ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്. തുടർന്ന് നാരായണമംഗലത്ത് നിന്ന് സംസ്‌കൃത വിദ്യാഭ്യാസം നേടി മഞ്ചേശ്വരം എസ്. എ. ടി സ്കൂളിൽ വെച്ച് ഹൈസ്കൂൾ പഠനവും, മംഗളൂരു മദ്രാസ് യൂണിവേഴ്സിറ്റി അലോഷ്യസിൽ നിന്ന് കോളേജ് പഠനവും പൂർത്തിയാക്കി. പിന്നീട് പാലക്കാട് പ്രീ-മെഡിക്കൽ കോഴ്സ് ചെയ്യുകയും, കാലിക്കറ്റ്‌ മെഡിക്കൽ കോളേജിൽ എം. ബി. ബി. എസ് പൂർത്തിയാക്കുകയും ചെയ്തു.

 1964 മുതൽ 3 വർഷം സംസ്ഥാന ഗവഃ മെഡിക്കൽ സർവീസിലും, തുടർന്ന് കാസറഗോഡ് ജില്ലയിലെ മുള്ളേരിയ, ബോവിക്കാനം, അടൂർ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.

 കുമ്പളയിൽ 50 വർഷം ആതുര സേവന രംഗത്ത് തുടരുമ്പോഴും ഡോക്ടറുടെ ചികിത്സക്ക് 'കൈപൊൽസുണ്ടെന്ന്' രോഗികളും, നാട്ടുകാരും പറയുന്നു. അത് കൊണ്ടു തന്നെ ഡോക്ടറുടെ ക്ലിനിക്കിൽ തിരക്കൊഴിയാറില്ല. പരിശോധനക്കും, മരുന്നിനുമൊക്കെയായി ചെറിയ ഫീസ് ഈടാക്കുന്നു എന്നത് തന്നെയാണ് ഡോക്ടറുടെ മേന്മയെന്നും കൂടി കൂട്ടിച്ചേർക്കേണ്ടി വരും.

 ഭാര്യ ശാരദ, ഏകമകൻ ഷാംരാജ് യു. എസ്. എ യിലാണ്. കുമ്പള ടൗണിനടുത്തുള്ള വീട്ടിലാണ് ഡോക്ടറുടെ താമസം.

 കുമ്പളയിലെ ജനകീയ ഡോക്ടറായ, മാളിക ഡോക്ടർ എന്നറിയപ്പെടുന്ന സർവ്വേശ്വര ഭട്ടിനെ ഈ വരുന്ന ജൂലൈ ഒന്ന് ഡോക്‌ടേഴ്‌സ് ദിനത്തിൽ ആദരിക്കാനൊരുങ്ങുകയാണ് മൊഗ്രാൽ ദേശീയ വേദി.

No comments