JHL

JHL

ലോക രക്തദാന ദിനം ; ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പേർ രക്തം ദാനം ചെയ്തു


കാസർകോട് (True News 14 June 2020): ദാനങ്ങളിൽ മഹാദാനമാണ് രക്തദാനം. ഒഴുകുന്ന ജീവൻ എന്നാണ് രക്തത്തിന് ആരോഗ്യ വിദഗ്‌ധരുടെ നിർവചനം. നിരവധി ജീവനുകളാണ് ഓരോ രക്തദാനത്തിലൂടെയും രക്ഷപ്പെടുന്നത്. ഇതിന്റെ മഹത്ത്വം ഓർമിപ്പിച്ച് ലോകാരോഗ്യ സംഘടന എല്ലാ വർഷവും ജൂൺ 14 ലോക രക്തദാനദിനമായി ആചരിക്കുന്നു.
2004 മുതലാണ് ഈ ദിനാചരണം തുടങ്ങിയത്. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ ജീവശാസ്ത്രജ്ഞൻ കാൾ ലാൻഡ്‌സ്റ്റെയ്‌നറുടെ ജന്മദിനമാണിന്ന്.
ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണം കാരണം ഈ വർഷത്തെ രക്തദിനാചരണം ജില്ലയിൽ ശനിയാഴ്ച നടന്നു. ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ.) ജില്ലാ കമ്മിറ്റി സ്റ്റുഡന്റ് പോലീസ് കാഡറ്റുമായി സഹകരിച്ച് കാസർകോട് ജനറൽ ആസ്പത്രി, കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിലേക്ക് രക്തം നൽകിയാണ് ദിനം ആചരിച്ചത്. 71 പേർ ക്യാമ്പ് വഴി രക്തംദാനം ചെയ്തു. 36 പേർ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും 35 പേർ കാസർകോട് ജനറൽ ആസ്പത്രിയിലും.
2019 ജനുവരി മുതൽ ശനിയാഴ്ച വരെ 10,800 പേരാണ് ജില്ലയിലെ ബ്ലഡ് ബാങ്ക് വഴി രക്തം ദാനംചെയ്തത്. കാസർകോട് ജനറൽ ആസ്പത്രിയിൽ കഴിഞ്ഞവർഷം 3993, ഈ വർഷം ഇതുവരെ 1600 ഉൾപ്പെടെ 5593 പേരാണ് രക്തദാനം നടത്തിയത്. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ 5207 പേരാണ് ആകെ രക്തം ദാനംചെയ്തത്. 3449 പേർ കഴിഞ്ഞ വർഷവും ഈവർഷം ശനിയാഴ്ച വരെ 1758 പേരും. ആവശ്യത്തിന്റെ പാതി രക്തമേ ഇന്ത്യയിൽ രക്തദാനത്തിലൂടെ കിട്ടുന്നുള്ളൂവെന്ന് ലോകാരോഗ്യ സംഘടന.
മാറ്റണം തെറ്റിദ്ധാരണകൾ
അബദ്ധധാരണകളാണ് രക്തദാനത്തിന് വിമുഖതയുണ്ടാക്കുന്നതെന്ന് വിദഗ്ധർ. ഒരുതവണ 350 മില്ലി ലിറ്റർ രക്തമേ ഒരാളുടെ ശരീരത്തിൽനിന്നെടുക്കൂ. മനുഷ്യശരീരത്തിൽ ശരാശരി ആറുലിറ്റർ രക്തമുണ്ടെന്ന് ഓർമിക്കുക.
എടുക്കുന്ന രക്തം 24 മുതൽ 48 മണിക്കൂറിനുള്ളിൽ ശരീരം വീണ്ടെടുക്കും. കൗൺസലിങ്ങടക്കം രക്തദാനത്തിനെടുക്കുന്നത്‌ 30 മിനുട്ടാണ്. രക്തമെടുക്കാൻ ആറുമിനിട്ടുമതി. തുടർന്ന് 10 മിനുട്ട് വിശ്രമം നിർദേശിക്കാറുണ്ട്. ഇതിനുശേഷം പഴച്ചാറോ മറ്റു പാനീയങ്ങളോ കഴിച്ച് ദാതാവിന് പതിവുജോലികളിൽ ഏർപ്പെടാം. അന്ന് കഠിനമായ ജോലിയോ വ്യായാമമോ ഒഴിവാക്കണം. മൂന്നുമാസത്തിലൊരിക്കലേ രക്തം നൽകാവൂ.
മാതൃകയാക്കാം
വെള്ളരിക്കുണ്ടിലെ ചുമട്ടുതൊഴിലാളിയായ അബ്ദുൾ ബഷീറും തൃക്കരിപ്പൂരിലെ എൻ.മനോജും രക്തദാനത്തിലെ മാതൃകകളാണ്. 115-ാം തവണയാണ് ബഷീർ രക്തദാനം ചെയ്യുന്നത്. മനോജ് 101-ാം തവണയും. ഒരു കുടുംബത്തിന്റെ കണ്ണീർ മായ്ച്ച് പുഞ്ചിരിക്കാനുള്ള അവസരമാണ് കിട്ടുന്നതെന്ന് ഓരോതവണ രക്തം ദാനം ചെയ്യാനെത്തുമ്പോഴും ഇവർ പറയുന്നു. ഇവരെക്കൂടാതെ ഇത്തവണ 18 വയസ്സ് പൂർത്തിയായ അഞ്ചുപേരും ആദ്യമായി രക്തം ദാനം ചെയ്യാൻ ശനിയാഴ്ച ബ്ലഡ് ഡോണേഴ്സ് കേരളയുടെ ക്യാമ്പിലെത്തി.
ശ്രദ്ധിക്കേണ്ടത്
. 18-65 വയസ്സുള്ള 45 കിലോയുള്ള സ്ത്രീകൾക്കും 50 കിലോയ്ക്ക് മുകളിലുള്ള പുരുഷനുമായിരിക്കണം.
2. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് 12.5 ഗ്രാം/ഡെസിലിറ്റർ എങ്കിലും ഉണ്ടായിരിക്കണം.
4. രക്തദാനം ചെയ്യുന്ന സമയത്ത് ദാതാവിന് ഏതെങ്കിലും രോഗം ഉണ്ടായിരിക്കരുത്
5. രക്തമെടുക്കുന്ന സമയത്ത് സാധാരണ രക്തസമ്മർദവും ശരീര താപനിലയുമുണ്ടായിരിക്കണം
6. രക്തദാനത്തിന്റെ തലേന്ന് കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ഉറങ്ങണം.
7. രക്തദാനത്തിനുമുൻപ് നന്നായി വെള്ളം കുടിക്കണം. നാലുമണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം.
8. ദാതാക്കൾ 24 മണിക്കൂറിനുള്ളിൽ മദ്യപിക്കുകയോ നാലു മണിക്കൂറിനുള്ളിൽ പുകവലിക്കുകയോ ചെയ്യരുത്.
9. രക്തദാനം നടത്തുന്ന സമയത്ത് മാനസികമായും ശാരീരികമായും പൂർണ ആരോഗ്യവാനായിരിക്കണം
സ്വീകരിക്കരുത്
രക്തബന്ധത്തിൽപ്പെട്ടവരുടെയും അടുത്ത ബന്ധുക്കളുടെയും രക്തം.
പ്രധാനപ്പെട്ട ശസ്ത്രക്രിയചെയ്ത്‌ ഒരുവർഷം പൂർത്തിയാകാത്തവരുടെ രക്തം.
രക്തം വിൽക്കുന്നത് തൊഴിലാക്കിയവരുടെ രക്തം.
എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ്, സിഫിലിസ് തുടങ്ങിയ പകർച്ചവ്യാധികളുള്ളവരുടെ രക്തം.
ചികിത്സയുടെ ഭാഗമായി സ്റ്റീറോയ്ഡ്, ഹോർമോൺ മരുന്നുകൾ തുടങ്ങിയവ കഴിക്കുന്നവരുടെ രക്തം.
മയക്കുമരുന്നിന് അടിമപ്പെട്ടവർ, ഒന്നിലധികം പേരുമായി ലൈംഗികബന്ധം പുലർത്തുന്നവർ.
ഹെപ്പറ്റൈറ്റിസിനെതിരായുള്ള കുത്തിവെപ്പെടുത്ത് ആറുമാസം കഴിയാത്തവർ
പേവിഷബാധയ്ക്കെതിരായുള്ള കുത്തിവെപ്പെടുത്ത് ഒരുവർഷം കഴിയാത്തവർ.
കാത് കുത്തുകയോ ശരീരത്തിൽ ടാറ്റു കുത്തുകയോ ചെയ്ത് ഒരു വർഷം കഴിയാത്തവർ
ഒഴിവാകേണ്ടവർ
രക്തദാനത്തിൽനിന്ന് ഒഴിവാകേണ്ടവർ ഇവരാണ്: ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും
ഗർഭം അലസിയവർ
ആർത്തവമുള്ളവർ, കരൾരോഗങ്ങൾ, രക്തസംബന്ധമായ അസുഖം, മലേറിയ, ടൈഫോയ്ഡ്, റുബെല്ല എന്നിവ ബാധിച്ചിരുന്നവർ

No comments