JHL

JHL

ലീഗ് അനുകൂല സംഘടനാ പ്രവർത്തകനായ പഞ്ചായത്ത് സെക്രട്ടറിയെ മാറ്റണമെന്ന് മംഗൽപാടി പഞ്ചായത്ത് ഭരണസമിതി പ്രമേയം: നടപടി അഴിമതിക്ക് കൂട്ടു നിൽക്കാത്തത് കൊണ്ടാണെന്ന് പ്രതിപക്ഷം

ഉപ്പള (True News 7 June 2020):  ജീനക്കാരുടെ മുസ്ലിം ലീഗ് അനുകൂല  സംഘടനയുടെ സജീവ പ്രവർത്തകനായ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള ഭരണ സമിതി പ്രമേയം പാസാക്കി.  നിരവധി ആരോപണങ്ങളാണ് സെക്രട്ടറിക്കെതിരെ പ്രമേയത്തിൽ പറഞ്ഞിരിക്കുന്നത്. സെക്രട്ടറിയെ ഉടൻ സ്ഥലം മാറ്റണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.   ഇടത് പക്ഷവും ബി.ജെ.പിയും എതിർത്തെങ്കിലും വൻ ഭൂരിപക്ഷത്തിൽ പ്രമേയം പാസായി. ജോലിയിൽ ഉത്തരാവാദിത്തം കാണിക്കുന്നില്ല, നിരുത്തരവാദപരമായി പെരുമാറുന്നതായും, കൃത്യനിർവഹണത്തിൽ അലംഭാവം കാണിക്കുന്നു, ജനന മരണ റജിസ്ട്രേഷൻ സമയ ബന്ധിതമായി നിർവഹിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് ഭരണസമിതി ഉന്നയിക്കുന്നത്.
പദ്ധതി പ്രവർത്തനവുമായി ബന്ധപ്പെട്ടും, നികുതി പിരിവുമായി ബന്ധപ്പെട്ടും ക്വാറന്റൈൻ പ്രവർത്തനത്തിലും ഇദ്ദേഹം  സഹകരിക്കുന്നില്ല എന്നും പരാതിയുണ്ട്. ഈ  ആരോപണങ്ങൾ ചൂണ്ടികാണിച്ചാണ് സ്ഥലം മാറ്റാൻ ശിപാർശ നൽകാൻ പ്രമേയം പാസാക്കിയത്.

എന്നാൽ പ്രമേയത്തെ ബിജെപിയും, സിപിഎമ്മും എതിർത്തു. ബിജെപിയുടെ അഞ്ചു അംഗങ്ങളുടെയും സിപിഎമ്മിന്റെ ഒരു അംഗത്തിന്റെയും വിയോജന കുറിപ്പോടെയാണ് അജണ്ട പാസാക്കിയത്.

23 അംഗങ്ങളിൽ 6 പേർ എതിർത്തപ്പോൾ യുഡിഎഫിന്റെ അംഗങ്ങൾക്ക് പുറമെ മൂന്നു സ്വാതന്ത്രരും അജണ്ടയെ അനുകൂലിച്ചു.
ഭരണ സമിതിയും സെക്രട്ടറിയും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന ശീതസമരത്തിനൊടുവിലാണ് പുതിയ സംഭവ വികാസങ്ങൾ.
ഭരണ സമിതിയുടെ അഴിമതിക്കും ക്രമക്കേടുകൾക്കും സെക്രട്ടറി ഇടങ്കോലിടുന്നതാണ് പഞ്ചായത്ത് ഭരണ സമിതിക്ക് സെക്രട്ടറിയോട്  നിരസത്തിന് കാരണമെന്നാണ് അണിയറയിൽ സംസാരം. ഒരു പ്രമുഖ ലീഗ് അംഗത്തിന്റെ അഴിമതിക്കും ബിനാമി കോൺട്രാക്റ്റുകൾക്കും സെക്രട്ടറി തടസം നിന്നതാണത്രെ ലീഗ് നേതൃത്വത്തിലുള്ള ഭരണ സമിതിയെ പ്രകോപിപ്പിച്ചത്.
ഒക്ടോബറിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സെക്രട്ടറിയെ സ്ഥലം മാറ്റാൻ സാധ്യതകളൊന്നുമില്ലാതിരുന്നിട്ടും ഏതു വിധത്തിലും സെക്രട്ടറിയുടെ വായടപ്പിക്കലാണ് നടപടിയുടെ ഉദ്ദേശ്യമെന്നാണ് പറയപ്പെടുന്നത്

No comments