JHL

JHL

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സി.പി.എം പ്രതിഷേധം

കാസർകോട്‌ (True News 17 June 2020): രാജ്യത്ത്‌ മുന്നൊരുക്കമില്ലാതെയുള്ള ലോക്‌ഡൗണിനാൽ ദുരിതത്തിലായ ജനങ്ങളെ  ദയനീയാവസ്ഥയിലേക്ക്‌ തള്ളിവിടുകയാണ്‌  മോഡി സർക്കാരെന്ന്‌  സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ പറഞ്ഞു. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാസർകോട്‌ ഹെഡ്‌പോസ്‌റ്റോഫീസ്‌ പരിസരത്ത്‌ സംഘടിപ്പിച്ച ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  രാജ്യത്ത്‌ കോവിഡ്‌ വ്യാപിക്കുകയാണ്‌.  പരിഹാരനടപടികളൊന്നും കേന്ദ്രം സ്വീകരിക്കുന്നില്ല. അതേസമയം ലോകത്തിനാകമാനം മാതൃകയാകുവിധമാണ്‌ കൊച്ചുസംസ്ഥാനമായ കേരളത്തിലെ രോഗപ്രതിരോധ നടപടി. 
വിദേശത്തുള്ള മുഴുവൻ കേരളീയരെയും നാട്ടിലെത്തിക്കാനാണ്‌ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്‌.  മറ്റുള്ളവരിലേക്ക്‌ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ എടുത്തു വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാനുള്ള സർക്കാർ ശ്രമത്തിന്‌ തുരങ്കംവയ്‌ക്കുകയാണ്‌  പ്രതിപക്ഷം. നാടിനെ പ്രശ്‌നത്തിലാക്കി  രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ്‌ അവരുടെ നീക്കം. രാജ്യദ്രോഹപരമായ ഇത്തരം നിലപാടുകളിൽനിന്നും‌ പ്രതിപക്ഷം പിന്മാറണം. 

കാസർകോട്‌ ഹെഡ്‌ പോസ്‌റ്റോഫീസിന്‌ മുന്നിൽ കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ  ധർണ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ കാഞ്ഞങ്ങാടും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ്‌ചന്ദ്രൻ നീലേശ്വരം മാർക്കറ്റിലും സി എച്ച്‌ കുഞ്ഞമ്പു കുറ്റിക്കോലിലും  ധർണ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദനൻ പാലക്കുന്നിലും എം രാജഗോപാലൻ എംഎൽഎ ചെറുവത്തൂരും ഡോ. വി പി പി മുസ്‌തഫ തൃക്കരിപ്പൂരിലും വി കെ രാജൻ പനത്തടി കാലിച്ചാനടുക്കത്തും സാബു അബ്രഹാം എളേരിയിലും  കെ വി കുഞ്ഞിരാമൻ ഹൊസങ്കടിയിലും കെ ആർ ജയാനന്ദ കുമ്പളയിലും  ഉദ്‌ഘാടനം ചെയ്‌തു. എകെജിയുടെ മകൾ ലൈല കരുണാകരൻ നീലേശ്വരം പള്ളിക്കരയിലെ പ്രതിഷേധത്തിൽ പങ്കെടുത്തു.

No comments