JHL

JHL

കോവിഡ് പ്രതിരോധം ; ജനപ്രതിനിധികളുടെയും ജില്ലാ ഭരണാധികാരികളുടെയും അവലോകന യോഗം നടത്തി

കാസര്‍കോട്(true News 19 June 2020): സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയാന്‍ ജനപ്രതിനിധികളും തദ്ദേശഭരണ സ്ഥാപനങ്ങളും ജാഗ്രത സമിതികളും അതീവ ജാഗ്രത പാലിക്കണമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കലക്ടറേറ്റില്‍ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള ജനപ്രതിനിധികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് രൂക്ഷമായ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വീടുകളില്‍ റൂം ക്വാറന്റൈനും ആവശ്യമെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും ഉറപ്പാക്കും. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. 11 പേര്‍ക്കാണ് സമ്പര്‍ക്കത്തിലുടെ രോഗം ബാധിച്ചത്. പ്രവാസികളായ കേരളീയര്‍ മടങ്ങി വരുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കുകയും അവരിലൂടെ മറ്റൊരാളിലേക്ക് രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യാന്‍ സൗകര്യമില്ലാത്തവര്‍ക്ക് രണ്ടു രീതിയിലുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ടൂറിസം വകുപ്പ് ഏര്‍പ്പെടുത്തിയ ഹോട്ടലുകളില്‍ പണം കൊടുത്ത് താമസിക്കുകയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്ന സംവിധാനങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുകയുമാകാമെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് നിയന്ത്രണത്തില്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും പുലര്‍ത്തുന്ന ജാഗ്രത തുടരണമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ അവലോകനത്തിന് എല്ലാ വെള്ളിയാഴ്ചയും രാവിലെ പത്തു മണിക്ക് ജനപ്രതിനിധികളുടെ യോഗം ചേരുന്നതിനും തീരുമാനിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നടത്തും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ രോഗം സ്ഥാരീകരിച്ചവരുടെ വീടും, നൂറു മീറ്റര്‍ ചുറ്റളവിലെ പ്രദേശവും ഉള്‍പ്പെടുന്ന മൈക്രോ കണ്ടയിന്റ്‌മെന്റ് സോണായി പുനര്‍ നിര്‍ണയിച്ചിട്ടുണ്ട്. ജില്ലയില്‍ 20 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കൂടി ഇതുവരെ 49 കണ്ടയ്ന്‍മെന്റ് സോണുള്ളതായും മന്ത്രി പറഞ്ഞു.
ജനപ്രതിനിധികള്‍ പറയുന്നതിന് ഉദ്യോഗസ്ഥര്‍ കാതു കൊടുക്കണമെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംവിധാനവും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യങ്ങളാണ് ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നത്. ജനപ്രതിനിധികളുടെ സ്വീകാര്യത അംഗീകരിച്ച് ആ തീരുമാനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണം.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എം. രാജഗോപാലന്‍, കെ.കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, എം. സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് എ.എ ജലീല്‍, എ.ഡി.എം എന്‍. ദേവീദാസ,് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കെ.കെ റജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

No comments