JHL

JHL

ഷിറിയ ഗവ. ഹയർ സെക്കൻഡറി കൂളിന്റെ സ്ഥലം കൈയ്യേറ്റവും വികസനം തടസ്സപ്പെടുത്തുന്ന സംഭവത്തിലും വിജിലൻസ് അന്വേഷണം വേണം: ഷിറിയ വികസന സമിതി

കുമ്പള(True News 25 June 2020): മംഗൽപാടി പഞ്ചായത്തിലെ ഷിറിയ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ സ്ഥലവും സ്കൂളിലേക്കുള്ള റോഡും സ്വകാര്യ വ്യക്തികൾ കൈയ്യേറി സംഭവത്തിലും പി.ടി.എ യുടെ ഒത്താശയോടെ പ്രദേശത്തെ ചില മാഫിയകളുടെ നേതൃത്വത്തിൽ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിലും  വിജിലൻസ് അന്വേഷണം വേണമെന്ന് ഷിറിയ വികസന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഏഴു വർഷം മുമ്പ് തുടങ്ങിയ സ്കൂളിന്റെ ചുറ്റുമതിൽ പ്രവൃത്തി ഇപ്പോഴും പൂർത്തിയാകാതെ കിടക്കുകയാണ്. മുക്കാൽ ശതമാനവും ചുറ്റുമതിൽ നിർമാണം  പൂർത്തിയായതോടെ ചില സാമൂഹ്യ വിരുദ്ധർ പണി തടസ്സപ്പെടുത്തുകയായിരുന്നു.എന്നാൽ കെട്ടിയ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ചും സ്വകാര്യ വ്യക്തി സ്ഥലം കൈയ്യേറി റോഡ് നിർമിച്ചിരിക്കുകയാണ്. സ്കൂളിന്റെ സ്ഥലത്ത് കൂടിയാണ് കാറുൾപ്പെടെയുള്ള വാഹനങ്ങൾ കൊണ്ടു പോകുന്നത്. ചെയ്തപ്രവൃത്തിയുടെ തുക ലഭിക്കുന്നതിനും നടസ്സം നിന്നതിനെ തുടർന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവും  ചേർന്ന് നടത്തിയ ചർച്ചയെ തുടർന്നാണ് ചെയ്ത പ്രവൃത്തിക്കുള്ള തുക പോലും ലഭ്യമാക്കാനായത്.

മുൻ ജില്ലാ പഞ്ചായത്ത് പി.പി. ശ്യാമളദേവിയും, ജില്ലാ പഞ്ചായത്തംഗം എ.കെ.എം അഷ്റഫും  പ്രതേക താത്പ്പര്യമെടുത്ത് സ്കൂളിന് എട്ട് ക്ലാസ് മുറികൾ അനുവദിച്ചിരുന്നു. ഈ രണ്ട് കെട്ടിടങ്ങളുടെ പണി പൂർത്തീകരിച്ച് ക്ലാസുകൾ ആരംഭിച്ചിരുന്നെങ്കിലും ഉദ്ഘാടനം നടത്തിയിട്ടില്ല. മുടന്തൻ ന്യായങ്ങൾ പറഞ്ഞാണ് ഇക്കാലമത്രയും  ഉദ്ഘാടനം നീട്ടികൊണ്ടുപോയത്. സ്ഥലം കൈയ്യേറ്റവും കെട്ടിടം ഉദ്ഘാടനം ചെയ്യാത്തതും നിയമപോരാട്ടങ്ങളിലേക്ക്   ചെന്നെത്തുമെന്നതായതോടെ രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തി പ്രശ്നം ഒതുക്കി തീർക്കാനാണ് പി.ടി.എ യുടെ നീക്കം.

സ്കൂളിന്റെ കൈയ്യേറിയ സ്ഥലം തിരിച്ചുപിടിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും, കോടതി വിധി നടപ്പാക്കേണ്ടതിനു പകരം
പി.ടി.എ യും ചില പൊലിസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മാഫിയകളും  കൈയ്യേറ്റകാർക്ക് കൈയ്യേറ്റക്കാർക്ക് കൂട്ട് നിൽക്കുകയാണ്.  പി.ടി.എ യുടെതന്നെ പിന്തുണയുണ്ടെന്നതാണ് കൈയ്യേറ്റ മാഫിയകൾക്കെതിരെ നടപടിയെടുക്കാനാകാത്തത്. 

സ്കൂളിലേക്ക് വാഹനങ്ങൾ  സൗകര്യപൂർവ്വം കടന്നു വരുന്നതിനും മറ്റും ഓണന്ത -  പുതിയങ്ങാടി റോഡ് വികസിപ്പിക്കുന്നതിനായി നാട്ടുകാർ ചേർന്ന് സ്ഥലമുടമകളെ കണ്ട് ഇരുവശത്തു നിന്നും രണ്ടടി വീതം വിട്ടു നൽകാൻ തീരുമാനിക്കുകയും അതു പ്രകാരം ചിലർ സ്ഥലം വിട്ടു നൽകുകയുമുണ്ടായി. ഇവിടെ ചുറ്റുമതിൽ പണിതു നൽകാൻ പ്രദേശത്തെ പ്രവാസികൾമുന്നോട്ട് വന്നിരുന്നു. എന്നാൽ പ്രവൃത്തി തുടങ്ങി ഏതാണ്ട് പകുതിയിൽ എത്തിയതോടെ ഇതും  തടസ്സപ്പെടുത്തുകയായിരുന്നു.

ചെർക്കളം അബ്ദുല്ല എം.എൽ.എയുടെ പ്രദേശിക  വികസന ഫണ്ടുപയോഗിച്ച് രണ്ട് പതിറ്റാണ്ട് മുമ്പ്  നിർമാണം തുടങ്ങിയ നാല് ക്ലാസ് മുറികളുടെ പ്രവൃത്തി എങ്ങുമെത്താതെ തുടങ്ങിയടുത്ത് തന്നെയാണ്. കോംപൗണ്ടിനകത്ത് കോൺ ഗ്രീറ്റ് തൂണുകളിൽ മാത്രം ഒതുങ്ങിയത് കാണാനാകും.

സ്കൂളിന്റെ വികസനം തടസ്സപ്പെടുത്തുന്നവർ ഹയർ സെക്കൻഡറി വരുന്ന സമയത്തും ബസ് അനുവദിക്കുന്നപ്പോഴും തടസ്സം നിന്നിരുന്നു. ഷിറിയ സ്കൂളിന്റെ ഇന്നത്തെ സ്ഥിതി വേലി തന്നെ വിള തിന്നുന്ന അവസ്ഥയാണ്. സ്കൂളിന് ലഭിക്കുമായിരുന്ന കോടി കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ മാഫിയകളും പി.ടി.എ യും ചേർന്ന്  തടസ്സപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ ജില്ലയിൽ അറിയപ്പെടുന്ന മാതൃകാ വിദ്യാലയമാക്കി ഷിറിയ സ്കൂളിനെ മാറ്റാൻ കഴിയുമായിരുന്നു.
കൈയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും സ്കൂൾ കെട്ടിടം ഉദ്ഘാടനം നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തുന്നതിനു പകരം പി.ടി.എ പിരിച്ചുവിടണമെന്നും മേൽ സംഭവങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും ഷിറിയ വികസന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൈയ്യേറിയതും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതുൾപ്പെടെയുള്ള വിഷയത്തിൽ നടപടിയുണ്ടായില്ലെങ്കിൽ  ആക്ഷൻ കമ്മിറ്റി രൂപികരിച്ച് സമരം ശക്തമാക്കാനാണ് തീരുമാനം.

വാർത്താ സമ്മേളനത്തിൽ ഷിറിയ വികസന സമിതി ചെയർമാൻ കെ.എം. അബ്ബാസ് ഓണന്ത, സത്താർ ഒളയം, ജി.എ മൊയ്തീൻ ഷിറിയ എന്നിവർ സംബന്ധിച്ചു.

No comments