JHL

JHL

ജമാഅത്തെ ഇസ്​ലാമി മുൻ കേരള അമീര്‍ ടി.കെ. അബ്​ദുല്ല അന്തരിച്ചു.

കോഴിക്കോട്​(www.truenewsmalayalam.com) : പ്രമുഖ പണ്ഡിതനും പ്രഭാഷകനും ജമാഅത്തെ ഇസ്​ലാമി മുൻ കേരള അമീറും മുസ്​ലിം വ്യക്​തിനിയമ ബോർഡ്​ സ്​ഥാപകാംഗവുമായ ടി.കെ. അബ്​ദുല്ല അന്തരിച്ചു. 92 വയസായിരുന്നു. കുറ്റ്യാടി ചെറിയകുമ്പളത്തെ വസതിയിലായിരുന്നു അന്ത്യം. ജമാഅത്തെ ഇസ്​ലാമി സംസ്ഥാന കൗണ്‍സില്‍ അംഗവും അഖിലേന്ത്യ കൂടിയാലോചനാ സമിതിയംഗവുമാണ്. പ്രബോധനം വാരികയുടെ മുൻ ചീഫ്​ എഡിറ്ററായിരുന്നു. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ട്​ മണിക്ക്​ പാറക്കടവ്​ ജുമാ മസ്​ജിദ് ​ ഖബർസ്​ഥാനിൽ. ഇന്ന് രാത്രി ഏഴു മുതൽ കുറ്റ്യാടി ഐഡിയൽ പബ്ലിക്​ സ്കൂളിൽ പൊതുദർശനത്തിന്​ വെക്കും.
ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്​ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്ററാണ്​‍. 1972-1979, 1982-1984 കാലത്ത്​ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീറായിരുന്നു. തുടക്കം മുതല്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗവും 1972 മുതല്‍ കേന്ദ്ര കൂടിയാലോചനാ സമിതിയംഗവുമാണ്. ഇത്തിഹാദുൽ ഉലമാ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിക്കുന്നു.

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയില്‍ പ്രശസ്ത മതപണ്ഡിതനായിരുന്ന തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാരുടെയും ഫാത്വിമയുടെയും മകനായി 1929ല്‍ ജനിച്ചു. വാഴക്കാട് ദാറുല്‍ ഉലൂം, തിരൂരങ്ങാടി ജുമാ മസ്ജിദ്, പുളിക്കല്‍ മദീനതുല്‍ ഉലൂം, കാസര്‍ഗോട്​ ആലിയ അറബിക് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. ഇവിടെ വിദ്യാര്‍ഥിയായിരിക്കെ പ്രബോധനം പ്രതിപക്ഷപത്രത്തില്‍ ചേര്‍ന്നു. മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉറുദു പരിഭാഷയുടെ ആദ്യഭാഗം ടി. ഇസ്ഹാഖ് അലി മൗലവിയോടൊപ്പം വിവര്‍ത്തനം ചെയ്തു.1959ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. അതേ വര്‍ഷം ഹാജി സാഹിബിന്റെ മരണത്തെ തുടര്‍ന്ന് ടി. മുഹമ്മദ് സാഹിബ് പ്രബോധനത്തിന്‍റെ പത്രാധിപരും ടി.കെ അബ്ദുല്ലാ സഹപത്രാധിപരുമായി. 1964ല്‍ പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോള്‍ പ്രബോധനം വാരികയുടെ പ്രഥമ പത്രാധിപരായി ചുമതലയേറ്റു.


No comments