JHL

JHL

മഞ്ചേശ്വരം മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ 42.39 കോടി അനുവദിച്ചു.

മഞ്ചേശ്വരം(www.truenewsmalayalam.com) : വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി മഞ്ചേശ്വരം മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ പുതിയ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.

 നിയമസഭയില്‍ എ.കെ.എം അഷറഫ് എം.എല്‍.എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വോര്‍ക്കാടി പഞ്ചായത്തിലെ കൊമ്മന്‍കുഴി, അമയ്, മഞ്ചേശ്വരം പഞ്ചായത്തിലെ ജെ.എം റോഡ്, ഫിഷറീസ് കോളനി, പുത്തിഗെ പഞ്ചായത്തിലെ ബദ്രംപള്ള, ദേലംപാടി, പൈവളിഗെ പഞ്ചായത്തിലെ ബൈത്താടി, മംഗല്‍പാടി പഞ്ചായത്തിലെ അട്ക്ക ഗാന്ധി റോഡ് എന്നിവിടങ്ങളിലാണ് പുതിയതായി ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കുന്നത്.

വോള്‍ട്ടേജ് വര്‍ധിപ്പിക്കാന്‍ 2022-23 മുതല്‍ 2024-25 സാമ്പത്തിക വര്‍ഷം വരെ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതിയായ ആര്‍.ഡി.എസ്.എസില്‍ ഉള്‍പ്പെടുത്തി വിവിധ പ്രവൃത്തികള്‍ നടത്തും.  15.93 കിലോമീറ്റര്‍ 11 കെ.വി ഒ.എച്ച് ലൈന്‍ സ്ഥാപിക്കും. 20.62 കിലോമീറ്റര്‍ 11.കെ.വി റീ കണ്ടക്ടറിങ് നടത്തും. 145 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുതിയതായി 11 കെ.വി എ.ബി.സി കേബിളുകള്‍ സ്ഥാപിക്കും. 300.87 കിലോമീറ്റര്‍ എല്‍.ടി റീ കണ്ടക്ടറിങ് ചെയ്യുന്ന പ്രവൃത്തി നടത്തും.

വിതരണ രംഗം കൂടുതല്‍ ആധുനികവത്ക്കരിക്കാനും ഗുണമേന്‍മയുള്ള വൈദ്യുതി ഉറപ്പാക്കാനുമായി 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ 2026-27 വരെ കെ.എസ്.ഇ.ബി.എല്‍ നടപ്പാക്കുന്ന ദ്യുതി-2 പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ വോര്‍ക്കാടി, മഞ്ചേശ്വരം, ഉപ്പള, സീതാംഗോളി, പൈവളിഗെ, കുമ്പള എന്നീ സെക്ഷനുകളില്‍ പുതിയതായി ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കുന്നതും സ്ഥാപിത ട്രാന്‍സ്‌ഫോമറിന്റെ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തിയും തുടങ്ങി 549 പ്രവൃത്തികള്‍ക്കായി 42.39 കോടിരൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മണ്ഡലത്തില്‍ വോള്‍ട്ടേജ് വര്‍ധിപ്പിക്കാനായി കുബനൂരിലെ 110 കെ.വി സബ്‌സ്റ്റേഷനിലെ ട്രാന്‍സ്‌ഫോമറിന്റെ ശേഷി വര്‍ധിപ്പിക്കും. പദ്ധതിക്ക് 1.2 കോടിരൂപയുടെ ഭരണാനുമതിയായിട്ടുണ്ട്. പദ്ധതി നടപ്പ് സാമ്പത്തിക വര്‍ഷം ആരംഭിക്കും.

വോര്‍ക്കാടി, ഉപ്പള പ്രദേശങ്ങളില്‍ സബ്‌സ്റ്റേഷന്റെ സാധ്യത പരിശോധിച്ച് വരികയാണെന്നും അനുകൂലമായ സ്ഥലവും സാങ്കേതിക പഠന റിപ്പോര്‍ട്ടും ലഭ്യമായാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കൂടിയ വോട്ടേജില്‍ കൂടുതല്‍ വൈദ്യുതി തടസ്സമില്ലാതെ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.


No comments