മങ്കി പോക്സ് കുട്ടികളിൽ മരണകാരണമായേക്കാം; ജാഗ്രത വേണമെന്ന് വിദഗ്ധർ.
മങ്കിപോക്സിന്റെ രോഗവ്യാപന സാധ്യത കുറവാണ്. പക്ഷേ, ഇത് കുട്ടികളിൽ മാരകമാകും. കോവിഡ് 19 പെട്ടെന്ന് വ്യാപിക്കുന്നതായിരുന്നു. എന്നാൽ മങ്കി പോക്സ് രോഗികളുമായി വളരെ അടുത്ത സമ്പർക്കം ഉണ്ടയാൽ മാത്രമേ പകരുവെന്നും ഡോ. പൂനം പറഞ്ഞു.
മങ്കി പോക്സ് വ്യാപനം തടയാൻ വേണ്ടത് കൂട്ടായ പ്രതിരോധപ്രവർത്തനങ്ങളാണ്. രോഗസാധ്യതയുള്ള ജനസമൂഹത്തെ കണ്ടെത്തി വേണ്ട ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കണം. രോഗ സാധ്യതയുള്ളവർക്ക് വിവരം നൽകുകയും അവർക്ക് സ്വയമേവയും മറ്റുള്ളവരെയും രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ വേണ്ട സഹായങ്ങൾ നൽകുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യ മങ്കി പോക്സ് കേസ് കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. വിദേശ രാജ്യത്തു നിന്ന് മടങ്ങിയെത്തിയ 35 കാരനാണ് രോഗം സ്ഥിരീകരിച്ചത്. മങ്കി പോക്സിന്റെ രോഗലക്ഷണങ്ങൾ സ്മോൾ പോക്സ്, ചിക്കൻ പോക്സ് എന്നിവയുടെതുമായി സാമ്യമുണ്ട്.
രോഗികൾക്ക് പനിയും ലിംഫ് നോഡുകളിൽ തടിപ്പും രൂപപ്പെടും (നീർവീക്കം). 1-5 ദിവസത്തിനുള്ളിൽ രോഗിക്ക് മുഖം, കൈവെള്ള, കാൽവെള്ള എന്നിവിടങ്ങളിൽ വ്രണങ്ങൾ രൂപപ്പെടും. കോർണിയയിലും വ്രണങ്ങൾ ഉണ്ടാവുകയും ഇത് അന്ധതയിലേക്ക് നയിക്കുകയും ചെയ്യാം.
മങ്കി പോക്സ് നിയന്ത്രണത്തിനായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ചിക്കൻ പോക്സ് പോലുള്ള മറ്റ് രോഗങ്ങളുമായി തെറ്റിദ്ധരിക്കാനിടയാകരുതെന്നും രോഗികളുമായി സമ്പർക്കത്തിലാകാരുതെന്നും കാട്ടു മൃഗങ്ങൾ, ചത്ത മൃഗങ്ങൾ എന്നിവയുമായി സമ്പർക്കം വേണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. മങ്കി പോക്സ് ബാധിച്ചയാളുമയി സമ്പർക്കത്തിലേർപ്പെേടണ്ടി വന്നാൽ ഉടൻ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.
Post a Comment