JHL

JHL

കുമ്പള സിഎച്ച്സി വെന്റിലേറ്ററിൽ തന്നെ: ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ച പദ്ധതികളെ ജില്ലാ വികസന പാക്കേജിലും അവഗണിച്ചു. പ്രതിഷേധം ശക്തം.

കുമ്പള(www.truenewsmalayalam.com) : പരിമിതികളിൽ വലഞ്ഞ് കുമ്പള സിഎച്ച് സി. നാടെങ്ങും പനിയിൽ വിറച്ച് കിടക്കുമ്പോൾ ആശുപത്രികളിൽ അടിസ്ഥാന സൗകര്യമില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു.

 കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ  അടിസ്ഥാന വികസനത്തിന് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ച പദ്ധതികളൊന്നും വെളിച്ചം കണ്ടില്ലെന്ന് മാത്രമല്ല, ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി 7.08 കോടിയുടെ പദ്ധതിക്ക് ജില്ലാ കലക്ടർ അനുമതി നൽകിയപ്പോൾ കുമ്പളയെ പൂർണ്ണമായും അവഗണിക്കുകയും ചെയ്തു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി കുമ്പള സിഎച്ച്സിയുടെ അടിസ്ഥാന വികസനത്തിന് വിവിധ പദ്ധതികൾക്കായി ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞവർഷമാണ് കോടികളുടെ  പദ്ധതികൾ സമർപ്പിച്ചത്. ഒരു പദ്ധതിക്കും അനുമതി ലഭിച്ചില്ല.

 കുമ്പളയിലെയും, പരിസരപ്രദേശങ്ങളിലേ യും മത്സ്യത്തൊഴിലാളികളും, കർഷകരും ഏറെ ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയാണ് വർഷങ്ങളായി അവഗണന നേരിടുന്നത്. ദിവസേന മുന്നൂറോളം രോഗികളാണ് ചികിത്സയ്ക്കായി ഈ ആരോഗ്യകേന്ദ്രത്തിൽ  എത്തുന്നത്. പകർച്ചപ്പനി വ്യാപകമായതോടെ രോഗികളുടെ എണ്ണംഇരട്ടിയായിട്ടുണ്ട്. ഇപ്പോൾ രാവിലെ 9.30 ന് തുടങ്ങുന്ന ഒപി വൈകീട്ട് 5 മണി വരെ നീളുന്നു. നിലവിലുള്ള ഡോക്ടർമാരും, ജീവനക്കാരും വിശ്രമമില്ലാതെയാണ് ജോലി ചെയ്യുന്നത്. ഡോക്ടർമാരുടെയും,ഒപ്പം ഫാർമസിസ്റ്റിന്റെയും, ജീവനക്കാരുടെയും കുറവ് രോഗികൾക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നു. മരുന്ന് വാങ്ങണമെങ്കിൽ മണിക്കൂറുകളോളം രോഗികൾക്ക് കാത്തിരിക്കേണ്ടി വരുന്നു.

 വർഷങ്ങളായി ആശുപത്രിയോട് കാണിക്കുന്ന അവഗണനക്കെതിരെ സന്നദ്ധസംഘടനകളൊ ക്കെ വലിയ പ്രതിഷേധങ്ങൾ ഉയർത്തിയെങ്കിലും അധികൃതർക്ക് കുലുക്കമില്ല. സിഎച്സിയുടെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് നിരന്തരമായി നാട്ടുകാരും,ആശുപത്രി അധികൃതരും, സന്നദ്ധസംഘടനകളും ബന്ധപ്പെട്ടവരെയും ജനപ്രതിനിധികളെയും അറിയിക്കാറുണ്ട്. എന്നിട്ടുപോലും നടപടികൾ ഉണ്ടാകാറില്ല. കുമ്പള സിഎച്ച്സി വികസന പദ്ധതികളെ അട്ടിമറിക്കുന്നത് കുമ്പളയിലെ സ്വകാര്യാ ശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സിഎച്ച്സി യിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങാൻ നടപടി ഉണ്ടായിട്ടുപോലും അതിലും തുടർ നടപടികൾ ഉണ്ടായില്ല.

 കോവിഡ് വ്യാപന സമയത്തൊക്കെ സിഎച്ച് സി യുടെ നിലവിലെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്  സ്തുത്യർഹമായ സേവനമാണ് ജീവനക്കാരിൽനിന്ന് ഉണ്ടായത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരമുള്ള ആരോഗ്യ ബോധവൽക്കരണ പരിപാടികളൊക്കെ വളരെ ഭംഗിയായിത്തന്നെ സി എച്ച്സി യിൽ മുറപോലെ നടന്നുവരുന്നുമുണ്ട് . എന്നാൽ വികസന ത്തിന്റെ കാര്യത്തിൽ ബന്ധപ്പെട്ടവർ ആരോഗ്യ കേന്ദ്രത്തോട്  മുഖം തിരിക്കുകയാണെന്ന് മൊഗ്രാൽ ദേശീയവേദി അഭിപ്രായപ്പെട്ടു. കുമ്പള സിഎച്ച്സി യോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് അടിസ്ഥാനസൗകര്യവികസനത്തിന് ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ച പദ്ധതികൾക്ക്  അംഗീകാരം നൽകണമെന്നും, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.


No comments