JHL

JHL

വിദ്യാഭ്യാസ അവഗണന: ഫ്രറ്റേണിറ്റി കലക്ട്രേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി.

കാസർകോട്(www.truenewsmalayalam.com) : വിദ്യാഭ്യാസം അവകാശമാണ് ഔദാര്യമല്ല എന്ന തലക്കെട്ടിൽ മലബാർ വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാസർകോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.

താൽക്കാലിക ബാച്ചുകൾക്ക് പകരം സ്ഥിരം ബാച്ചുകൾ അനുവദിക്കുക, സർക്കാർ, എയിഡഡ് മേഖലയിൽ കൂടുതൽ കോഴ്സുകളും സ്ഥാപനങ്ങളും അനുവദിക്കുക, എസ്.എസ്.എൽ.സി വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പഠനാവസരം ഉറപ്പ് വരുത്തുക, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കലക്ട്രേറ്റ് മാർച്ച് നടത്തിയത്.

ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ താൽക്കാലികമായ സീറ്റ് വർദ്ധനവെന്ന പൊടിക്കൈകളല്ല സ്ഥിരമായ പുതിയ ബാച്ചുകളാണ് വേണ്ടതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു, കലക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ കുറവുള്ള 147 പുതിയ ബാച്ചുകൾ ഉടൻ അനുവദിക്കണം, ഹൈസ്കൂളുകൾ ഹയർ സെക്കണ്ടറിയായി ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ ഗവ. മെഡിക്കൽ കോളേജ് ഉടൻ പൂർത്തിയാക്കണമെന്നും, ഗവ എഞ്ചിനീയറിംഗ് കോളേജ്, ലോ കോളേജ് അനുവദിക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ അഷ്റഫ് പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച് മുത്തലിബ്, ജില്ലാ ട്രഷറർ അമ്പൂഞ്ഞി തലക്ലായി, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ് ഹമീദ് കക്കണ്ടം, ടി.കെ അഷ്റഫ് എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി റാഷിദ് മുഹിയുദ്ധീൻ സ്വാഗതവും ഷാഹ്ബാസ് കോളിയാട്ട് നന്ദിയും പറഞ്ഞു.

സന്ദീപ് പെരിയ, വാജിദ് എൻ.എം,പി.കെ അബ്ദുല്ല, നഹാർ കടവത്ത്, എൻ.എം റിയാസ്, ഇബാദ അഷ്റഫ്, തഹാനി അബ്ദുൽ സലാം, റാസിഖ് മഞ്ചേശ്വരം, അബ്ദുൽ ജബ്ബാർ ആലങ്കോൽ, തബ്ഷീർ കമ്പാർ,  തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.


No comments