JHL

JHL

പ്ലസ് വൺ: പുതിയ സയൻസ് ബാച്ചുകൾ അനുവദിക്കണം - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തിൽ പുതിയ സയൻസ് ബാച്ചുകൾ അടിയന്തിരമായി അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം റാസിഖ് മഞ്ചേശ്വരം ആവശ്യപ്പെട്ടു. മണ്ഡലത്തിലെ തീരദേശ മേഖലയിൽ നിലവിൽ ഒരു സ്കൂളിൽ മാത്രമാണ് ജീവശാസ്ത്രം ഉൾപ്പെട്ടിട്ടുള്ള സയൻസ് ബാച്ച് ഉള്ളത്. 60 സീറ്റുകളുള്ള ഇവിടെ കഴിഞ്ഞ വർഷം 446 അപേക്ഷകളാണ് വന്നതെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി  മറുപടി നൽകിയിരുന്നു. മറ്റു മണ്ഡലങ്ങളിൽ 18 മുതൽ 20 വരെ സയൻസ് ബാച്ചുകളുള്ളപ്പോൾ മഞ്ചേശ്വരം മണ്ഡലത്തിൽ 9 ബാച്ചുകൾ മാത്രമാണുള്ളത്. കുമ്പള, ഉപ്പള, മംഗൽപാടി സ്കൂളുകളിൽ മികച്ച സയൻസ് ലാബുകൾ ഒരുക്കിയിട്ടും സയൻസ് ബാച്ച് അനുവദിക്കാത്തത് കടുത്ത അനീതിയാണ്.

മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നിന്നും 2021-2022 വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 3,888 വിദ്യാർത്ഥികൾ വിജയിച്ചിട്ടുണ്ട്. എന്നാൽ മണ്ഡലത്തിലെ ആകെ പ്ലസ് വൺ സീറ്റുകൾ 1,850 മാത്രമാണ്. മണ്ഡലത്തിലെ 2,038 വിദ്യാർത്ഥികൾ യോഗ്യത നേടിയിട്ടും ഹയർസെക്കണ്ടറി വിദ്യാഭ്യാസത്തിന് സീറ്റ് ലഭിക്കാതെ പുറത്താവും. ഹയർസെക്കണ്ടറി വിദ്യാഭ്യാസത്തിനു പോലും അയൽ സംസ്ഥാനങ്ങളേയോ, ജില്ലയേയോ ആശ്രയിക്കേണ്ടി വരുന്നവരാണ് മഞ്ചേശ്വരം മണ്ഡലത്തിലെ വിദ്യാർത്ഥികൾ. നിരന്തരമായി പ്ലസ് വൺ സീറ്റ് അപര്യാപ്തത വിഷയം ഉയർത്തുമ്പോൾ നിശ്ചിത ശതമാനം സീറ്റ് വർദ്ധനവ് എന്ന പൊടിക്കൈ പ്രയോഗമാണ് സർക്കാർ പ്രയോഗിക്കാറ്. തെക്കൻ ജില്ലകളിൽ  ഒരു ക്ലാസ്സ് മുറിയിൽ ശരാശരി 40 കുട്ടികൾ പഠിക്കുമ്പോൾ നമ്മുടെ ജില്ലയിൽ 60 മുതൽ 65 കുട്ടികൾ വരെ ഞെരുങ്ങി ഇരുന്ന് പഠിക്കേണ്ടി വരുന്നു. പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് ഇതിന് ശാശ്വത പരിഹാരം. പ്ലസ് വൺ പുതിയ ബാച്ചുകൾ അനുവദിച്ചും, ഹൈസ്കൂളുകളെ ഹയർ സെക്കണ്ടറിയായി ഉയർത്തിയും മണ്ഡലത്തിലെ എസ്.എസ്.എൽ.സി വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പഠനാവസരം ഒരുക്കണം.  വിഷയത്തിൽ അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, എം.എൽ.എക്കും നിവേദനം നൽകി. മണ്ഡലത്തിലെ വിദ്യാർത്ഥി - വിദ്യാഭ്യാസ വിഷയങ്ങളിൽ ഇനിയും അനീതി തുടരുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി നേതൃത്വം നൽകും.


No comments