JHL

JHL

കോടതി വിധി യാഥാർത്ഥ്യങ്ങളെ നിരാകരിക്കുകയില്ല; വിസ്ഡം യൂത്ത് ജില്ലാ യുവജന സമ്മേളനം.

കാസർകോട്(www.truenewsmalayalam.com) : ഗുജറാത്ത് വംശഹത്യകൾക്ക് നേതൃത്വം നൽകിയവരെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള കോടതി വിധിക്ക് യാഥാർത്ഥ്യങ്ങളെ നിരാകരിക്കാനാവില്ലെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കാസർക്കോട് ജില്ലാ സമിതി സംഘടിപ്പിച്ച ജില്ലാ യുവജന സമ്മേളനം അഭിപ്രായപ്പെട്ടു.

അന്തർദേശീയ മനുഷ്യാവകാശ സംഘടനകളും സാമൂഹ്യ പ്രവർത്തകരും നീതിന്യായ വ്യവസ്ഥകളും ലോക ജനതയും നേരിട്ടറിഞ്ഞ വംശഹത്യയെ അധികാര ദുർവിനിയോഗത്തിലൂടെ മറച്ച് വെക്കാൻ ശ്രമിച്ചാൽ അത് മാഞ്ഞ് പോകുമെന്നത് മിഥ്യാ ധാരണയാണ്.

മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടി സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്.

അധികാരം പിടിച്ചെടുക്കാൻ ജനപ്രതിനിധികളെ വിലക്കെടുക്കുന്ന ഫാഷിസ്റ്റ് കുതിര കച്ചവടം ജനാധിപത്യത്തിന് ചരമം കുറിക്കുന്നതാണെന്നും വിസ്ഡം യൂത്ത് യുവജന സമ്മേളനം അഭിപ്രായപ്പെട്ടു.

സമ്മേളനം വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി ഉൽഘാടനം ചെയ്തു വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് അഫീഫ് മദനി അധ്യക്ഷത വഹിച്ചു.

മുജാഹിദ് ബാലുശ്ശേരി,  മുസ്തഫ മദനി മമ്പാട് , നിഷാദ് സലഫി, സവാദ് സലഫി, അനീസ് മദനി ,നൗഫൽ മദീനി, റഫീഖ് മൗലവി, ഹസൻ അൻസാരി, അബൂബക്കർ കൊട്ടാരം, ഫാരിസ് മദനി, അൻസാർ ആരിക്കാടി ,ശിഹാബ് മൊഗ്രാൽ തുടങ്ങിയവർ പ്രസംഗിച്ചു .വിവിധ മൽസര വിജയികൾക്ക് നാസിർ മല്ലം, ശിഹാബ് സി.എച്ച്  എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു . അബ്ദുൽ റഹ്മാൻ ചെമനാട് സ്വാഗതവും അസീസ്. ടി. കെ നന്ദിയും പറഞ്ഞു.


No comments