JHL

JHL

കെൽ തുറന്നിട്ട് മൂന്നുമാസം; പകുതിയോളം പേർക്ക് പണിയില്ല.

കാസർകോട്(www.truenewsmalayalam.com) : പൊതുമേഖല സ്ഥാപനമായ ബദ്രഡുക്കയിലെ കെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് പുനരാരംഭിച്ചിട്ട് മൂന്നുമാസം പിന്നിട്ടിട്ടും പകുതിയോളം പേരും വെറുതെയിരിക്കേണ്ട സ്ഥിതി. കമ്പനി പ്രവർത്തിക്കുന്നതിനാവശ്യമായ ഓർഡറുകൾ കാര്യമായി ലഭിക്കാത്തതിനാലാണ് ജീവനക്കാർക്ക് പണിയില്ലാതായത്. പണിയൊന്നുമെടുക്കാതെ ശമ്പളം കിട്ടുന്നുണ്ടെങ്കിലും ജീവനക്കാർ കടുത്ത ആശങ്കയിലാണ്. തൊഴിൽ നഷ്ടപ്പെടുമോ എന്നതാണ് ആശങ്കക്ക് കാരണം.

റെയിൽവേക്ക് ആവശ്യമായ ആൾട്ടർനേറ്ററുകളാണ് കമ്പനിയിൽ പ്രധാനമായും ഉൽപാദിപ്പിച്ചിരുന്നത്. രണ്ടുവർഷത്തോളം പൂട്ടിക്കിടന്ന കമ്പനി ഏപ്രിൽ ഒന്നിന് തുറന്നെങ്കിലും പഴയ ഓർഡറുകൾ ഒന്നും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. റെയിൽവേ ഓർഡറുകൾ വരുന്നതുവരെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമായ ജനറേറ്റർ പോലുള്ളവ നൽകാമെന്ന കണക്കുകൂട്ടലും നടന്നില്ല.

99 ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. ഇതിൽ 65 ശതമാനം പേർക്കേ നിലവിൽ പണിയുള്ളൂവെന്ന് കമ്പനി തന്നെ അംഗീകരിക്കുന്നു. നിയമസഭയിൽ വ്യവസായ മന്ത്രി പി. രാജീവും കഴിഞ്ഞദിവസം എൻ.എ. നെല്ലിക്കുന്നിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ ഇക്കാര്യം ആവർത്തിച്ചു. 2.91 ലക്ഷത്തിന്റെ ആൾട്ടർനേറ്ററുകളും 3.05 ലക്ഷം രൂപയുടെ സ്‍പെയറുകളുമാണ് മൂന്നുമാസത്തിനിടെ കമ്പനിയിൽനിന്ന് വിതരണം ചെയ്തത്.

ഏതാനും കമ്പനികൾക്കാണ് ആൾട്ടർനേറ്ററുകൾ നൽകിയത്. ചില ആൾട്ടർനേറ്ററുകളുടെ പ്രവൃത്തി പുരോഗമിക്കുകയും ചെയ്യുന്നു. പകുതിയോളം പേർക്ക് തൊഴിലില്ലെന്ന് കെൽ ചെയർമാനും നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭയിൽ മന്ത്രിയും ഇക്കാര്യം വിശദീകരിച്ചത്.

അതേസമയം, റെയിൽവേയുടെ ഓർഡർ ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. അഞ്ച് കോടിയുടെ ഓർഡറെങ്കിലും ലഭിച്ചെങ്കിലേ എല്ലാ ജീവനക്കാർക്കും തൊഴിൽ ഉറപ്പാക്കാനാവൂ. ഒരുകോടിയുടെ കരാർ ഇതിനകം ലഭിച്ചിട്ടുണ്ട്. റെയിൽവേയുമായി കരാർ പുനഃസ്ഥാപിക്കുന്നതിന് നേരിയ കാലതാമസമുണ്ടായിട്ടുണ്ട്. എങ്കിലും ഓർഡർ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വിശദീകരിച്ചു.

പൂട്ടിക്കിടന്ന വ്യവസായ സ്ഥാപനം വീണ്ടും തുറക്കുന്നതിന് 77 കോടിയുടെ പുനരുദ്ധാരണ പാക്കേജാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. 2020 മുതൽ മുടങ്ങിയ ശമ്പളവും വിരമിച്ചവർക്കുള്ള ആനുകൂല്യത്തിനുമായി 20 കോടി അനുവദിക്കുകയും ചെയ്തു.


No comments