JHL

JHL

പരിസ്ഥിതി ശുചീകരണത്തിലും സംരക്ഷണത്തിലും പരാജയപ്പെട്ട് കുമ്പള ഗ്രാമപഞ്ചായത്ത്.

കുമ്പള(www.truenewsmalayalam.com) : പ്രകൃതി സംരക്ഷണത്തിലും ശുചീകരണത്തിലും വൻ പരാജയമാണ് കുമ്പള ഗ്രാമപഞ്ചായത്ത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് വൃക്ഷ തൈകൾ വർഷാവർഷം നട്ടു പിടിപ്പിക്കാറുണ്ടെങ്കിലും അവയെ സംരക്ഷിക്കാൻ യാതൊരു നടപടികളും സ്വീകരിക്കാറില്ല. ഓരോ വർഷവും നട്ടുപിടിപ്പിക്കുന്ന ഏകദേശം മുഴുവൻ തൈകളും സംരക്ഷണ വേലിയില്ലാത്തതിനാലും വേനൽ കാലത്ത് വെള്ളം ലഭിക്കാതെയും ചത്തു പോകാറാണ് പതിവ്. അടുത്ത വർഷം പരിസ്ഥിതി ദിനത്തിൽ അതേ സ്ഥലങ്ങളിൽ തന്നെ വൃക്ഷം നടുന്നു എന്നതും കൗതുകകരമായ വസ്തുതയാണ്. ലക്ഷക്കണക്കിന് രൂപയാണ് ഈ പ്രഹസനത്തിലൂടെ ഓരോ വർഷവും പൊതു ഖജനാവിന്  നഷ്ടപ്പെടുത്തുന്നത്.  

      ശുചീകരണത്തിലും മാലിന്യനിർമ്മാർജ്ജനത്തിലും പഞ്ചായത്ത് ബഹുദൂരം പിന്നിലാണ്. പഞ്ചായത്തിന്റെ ഏകദശം എല്ലാ ഭാഗങ്ങളിലും റോഡിന്റെ ഇരു വശങ്ങളിലും മാലിന്യം കൊണ്ടിട്ടിരിക്കുന്നതായി കാണാം.  റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാനോ ഇട്ട മാലിന്യങ്ങൾ നീക്കാനോ പഞ്ചായത്തിന് സംവിധാനമില്ല. പ്രധാന ടൗണുകളിൽ നടക്കേണ്ട മഴക്കാലപൂർവ്വ ശുചീകരണം കുമ്പളയിൽ സി.പി. എമ്മിന്റെ  നേത്വത്തിലാണ് നടന്നത്. കുമ്പള സ്കൂൾ റോഡിലെ മാലിന്യങ്ങൾ നീക്കം ചെയ്തതും ഓവുചാലുകൾ വൃത്തിയാക്കിയതും സി.പി.എമ്മിന്റെ നേതൃത്വത്തിലായിരുന്നു.

         ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നതിന്റെ ഭാഗമായി റെയിൽവെ സ്റ്റേഷൻ റോഡിൽ അഴുക്കുചാൽ മണ്ണിട്ട് മൂടിയിട്ട് മാസങ്ങളായി. ഓട ജലം റോഡിലൂടെ ഒഴുകുന്നത് കാൽനട യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. വാഹനങ്ങൾ കുതിച്ചു പായുമ്പോൾ ദേഹത്ത് അഴുക്കു വെള്ളം തെറിച്ച് വൃത്തികേടാവുന്നതായി പരക്കെ പരാതിയുണ്ട്. ഇവിടെ പാതയോരത്തെ നാല് ഹോട്ടലുകളിലും കടകളിലും സമീപത്തെ ഒരു ക്ലിനിക്കിലും ഈച്ച, കൊതുകു ശല്യം രൂക്ഷമായിട്ടുണ്ട്. 

       പഞ്ചായത്ത് ഒന്നിടപ്പെട്ട് ഓവുചാൽ നന്നാക്കാൻ ആവശ്യപ്പെട്ടാൽ നിർമ്മാണ ചുമതലയുള്ള കമ്പനി മലിന ജലം റോഡിലേക്ക് ഒഴുകുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറയുന്നു.


No comments