JHL

JHL

ഡോ വെങ്കിട്ടഗിരിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി ; നേരത്തെ തീരുമാനിച്ചതും നടക്കാനുള്ളതും ഉൾപ്പെടെ ശസ്ത്രക്രിയ നടത്തുന്നതിന് ഒരു തടസ്സവുമില്ലെന്ന് സൂപ്രണ്ട്

കാസർകോട് :അനസ്തേഷ്യ നൽകാൻ  കൈക്കൂലി ആവശ്യപ്പെട്ട  കേസിൽ വിജിലൻസ് പിടികൂടിയ ജനറൽ ആശുപത്രി അനസ്തീസിയ വിഭാഗം ഡോ.കെ.എം.വെങ്കിടഗിരിയെ കോടതി 4 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ സബ് ജയിലിലേക്കു മാറ്റി. ചൊവ്വാഴ്ച വൈകിട്ട് കാസർകോട് നുള്ളിപ്പാടിയിലെ വസതിയിൽ രോഗിയുടെ ബന്ധുവിൽ നിന്ന് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഇദ്ദേഹം വിജിലൻസിന്റെ പിടിയിലായത്. തുടർന്നു തലശ്ശേരി വിജിലൻസ് സ്പെഷൽ കോടതി ജഡ്ജി മുൻപാകെയും ബുധനാഴ്ച രാവിലെ കോടതിയിലും ഹാജരാക്കുകയായിരുന്നു.
ഇയാൾക്കെതിരെ  നേരത്തെ മറ്റൊരു പരാതിയിൽ അന്വേഷണം നടത്തി അച്ചടക്ക നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. 2021 ഓഗസ്റ്റ് 11നു വാഹനാപകടത്തിൽ കൈക്ക് പരുക്കേറ്റു ജനറൽ ആശുപത്രിയിലെത്തിയ പാറക്കട്ട സ്വദേശിക്ക് അനസ്തീസിയ നൽകാൻ വിസമ്മതിച്ചുവെന്ന പരാതിയിലായിരുന്നു ആ ഉത്തരവ്. അതിനു പിന്നാലെയാണ് കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിവീണത്. സർവീസിൽ നിന്നു വിരമിക്കാൻ മാസങ്ങൾ ശേഷിക്കെയാണിത്. അനസ്തീസിയ നൽകുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി വിവാദത്തിൽ 2019 ജൂലൈ മുതൽ ഡിസംബർ വരെ വെങ്കിടഗിരി സസ്പെൻഷനിലായിരുന്നു. വെങ്കിടഗിരി റിമാൻഡിലായതോടെ ജനറൽ ആശുപത്രിയിൽ അനസ്തീസിയ നൽകുന്നതിനു തടസ്സമൊന്നല്ലെന്ന് സൂപ്രണ്ട് ഡോ.എ.ജമാൽ അഹമ്മദ് പറഞ്ഞു. ഇവിടെ അനസ്തീസിയ വിഭാഗത്തിൽ 2 പേർ കൂടിയുണ്ട്. അവരുടെ സേവനം തുടർന്നും ഉപയോഗപ്പെടുത്തും. നേരത്തെ തീരുമാനിച്ചതും നടക്കാനുള്ളതും ഉൾപ്പെടെ ശസ്ത്രക്രിയ നടത്തുന്നതിന് ഒരു തടസ്സവുമില്ലെന്നും അധികൃതർ പറഞ്ഞു.

No comments