ഒന്നായി പൂജ്യത്തിലേക്ക്; എയ്ഡ്‌സ് ബോധവൽക്കരണ ഫോക്ക് ക്യാമ്പയിൻ ആരംഭിച്ചു
കാസറഗോഡ്(www,truenewsmalayalam.com) : "ഒന്നായി പൂജ്യത്തിലേക്ക്" എയ്ഡ്‌സ് ബോധവൽക്കരണ ഫോക്ക് ക്യാമ്പയിന് തുടക്കമായി.
2025 ഓട് കൂടി പുതിയ എച്ച്.ഐ.വി അണു ബാധ ഉണ്ടാകുന്നത് തടയുക എന്ന ലക്ഷ്യം സാക്ഷാൽകരിക്കുന്നതിനായാണ് "ഒന്നായി പൂജ്യത്തിലേക്കു " എന്ന സന്ദേശം മുൻനിർത്തിക്കൊണ്ട് കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ ഫോക് ക്യാമ്പയിൻ തുടക്കമായത്.
നവംബർ 6 മുതൽ ഡിസംബർ 1 വരെ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ബങ്കര മഞ്ചേശ്വരം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വച്ചു മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ഷേണായി നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൾ ശബാന എസ് അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ ആശുപത്രി എം ഓ ടി സി ഡോ.നാരായണ പ്രദീപ, മഞ്ചേശ്വരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രഭാകര റായ്,ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പ്രശാന്ത് എൻ പി,സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ് ഇക്ബാൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും മഞ്ചേശ്വരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് കുഞ്ഞി കെ നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് മിസ്റ്റിക് ഇറ യുടെ നേതൃത്വതിലുള്ള ബോധവൽക്കരണ മാജിക് ഷോ അരങ്ങേറി.
ബോധവൽക്കരണ ഫോക് ക്യാമ്പയിനിന്റെ ഭാഗമായി 2023 നവംബർ 6 മുതൽ 14 വരെ മിസ്റ്റിക് ഇറ അവതരിപ്പിക്കുന്ന മാജിക് ഷോ.
നവംബർ 13 മുതൽ 18 വരെ മനോരഞ്ജൻ ആർട്സ് ക്ലബ് അവതരിപ്പിക്കുന്ന തെരുവ് നാടകം.
നവംബർ 22 മുതൽ 29 വരെ യുവഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അവതരിപ്പിക്കുന്ന പാവനാടകം.
നവംബർ 25 മുതൽ ഡിസംബർ 1 വരെ പൗർണ്ണമി തിയേറ്റേഴ്സ് ആവതരിപ്പിക്കുന്ന തെരുവ് നാടകം എന്നിവ അരങ്ങേറും.
ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾ, കോളേജുകൾ, ജയിലുകൾ ഉൾപ്പെടെയുള്ള 85 കേന്ദ്രങ്ങളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് അറിയിച്ചു.
Post a Comment