JHL

JHL

മണിപ്പൂരിൽ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു


 മണിപ്പൂർ(www.truenewsmalayalam.com): മണിപ്പൂരിലുണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉച്ചയോടെ തെങ്‌നൗപാൽ ജില്ലയിലെ ലെയ്തു ഗ്രാമത്തിലാണ് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. അസം റൈഫിൽസ് നടത്തിയ തിരച്ചിലിൽ പ്രദേശത്ത് നിന്ന് 13 മൃതദേഹങ്ങൾ കണ്ടെടുത്തു.

വെടിയേറ്റ് മരിച്ചവർ പ്രദേശവാസികളല്ലെന്നും മറ്റ് ദേശത്ത് നിന്ന് പ്രദേശത്തെത്തിയ ഇവർ ഗ്രാമവാസികളുമായി വെടിവെപ്പ് നടത്തിയതാകാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ക്രമസമാധാന നില മെച്ചപ്പെട്ടതിനെ തുടർന്നാണ് നടപടി. എന്നാൽ, ചില ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ ഡിസംബർ 18 വരെ നിയന്ത്രണങ്ങൾ തുടരും.

ചന്ദേൽ, കാക്‌ചിംഗ്, ചുരാചന്ദ്പൂർ, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ഇംഫാൽ വെസ്റ്റ്, കാങ്‌പോക്‌പി, ഇംഫാൽ ഈസ്റ്റ്, കാങ്‌പോക്‌പി, തൗബൽ, തെങ്‌നൗപാൽ, കാക്‌ചിംഗ്‌പി എന്നീ ജില്ലകളിലെ സമീപ പ്രദേശങ്ങളിൽ 2 കിലോമീറ്റർ ചുറ്റളവിൽ സേവനങ്ങൾ നിർത്തിവെക്കുമെന്നും അധികൃതർ അറിയിച്ചു.

മണിപ്പൂരിലെ വിമത ഗ്രൂപ്പായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടുമായി കഴിഞ്ഞ മാസം കേന്ദ്രസർക്കാർ സമാധാന കരാർ ഒപ്പിട്ടതിനെ തുടർന്നാണ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീക്കാൻ തീരുമാനിച്ചത്. യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്) കഴിഞ്ഞ മാസമാണ് കേന്ദ്ര സർക്കാരുമായി സമാധാന കരാറിൽ‌ ഒപ്പുവച്ചത്.



മേയ് മൂന്നിന് മണിപ്പൂരിൽ മേയ്തെയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തിവച്ചിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന വിദ്വേഷകരമായ ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തുന്നതിനാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത്. സെപ്റ്റംബർ 23ന് നിരോധനം താൽകാലികമായി നീക്കിയെങ്കിലും 26ന് വീണ്ടും നിരോധനം ഏർപ്പെടുത്തി.


No comments