JHL

JHL

മാലിന്യം അടിയന്തിരമായി നീക്കിയില്ലെങ്കിൽ ശേഖരിച്ചു പഞ്ചായത്ത്‌ വളപ്പിൽ തള്ളും; എസ്.ഡി.പി.ഐ


മഞ്ചേശ്വരം(www.truenewsmalayalam.com) :  ഗ്രാമ പഞ്ചായത്ത് ആരോഗ്യ മേഖലയിലും പരിസ്ഥിതി സംരക്ഷണത്തിലും പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴും ടൗണും പരിസരവും മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു.

 ടൗണിലെ ഡ്രൈനേജുകള്‍ മാലിന്യം അടിഞ്ഞ് പുഴുവരിച്ച് ദുര്‍ഗന്ധം വമിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.

 ദുര്‍ഗന്ധം സഹിച്ചും പ്രതികരിച്ചും മടുത്ത കാല്‍നട യാത്രക്കാരുടേയും, വ്യാപാരികളുടെയും പരാതികള്‍ക്ക് നാളിതുവരെ അധികൃതര്‍ പരിഹാരം കണ്ടിട്ടില്ല.

 വ്യാപാര സ്ഥാപനങ്ങൾക്ക് മാലിന്യം നിക്ഷേപിക്കാൻ സൗകര്യം ഒരുക്കാനും പഞ്ചായത്തിനു ഇതുവരെ സാധിച്ചിട്ടില്ല.

 'മാലിന്യ മുക്തം നവ കേരളം' എന്ന പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ ചിലവാക്കി പരിപാടി നടത്തുന്നതിനപ്പുറം മാലിന്യം നീക്കാൻ ആത്മാർത്ഥമായി പഞ്ചായത്ത്‌ ശ്രമിക്കുന്നില്ല എന്നതും വാസ്തവമാണ്.

അടിയന്തിരമായി ദേശീയ പാതയോരത്തേയും, ടൗണുകളിലെയും മാലിന്യം നീക്കിയില്ലെങ്കിൽ പഞ്ചായത്ത്‌ വളപ്പിലേക്ക്‌ മാലിന്യം കൊണ്ടു വന്ന് തള്ളുമെന്നു എസ്.ഡി.പി.ഐ മഞ്ചേശ്വരം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ഇക്ബാൽ കുഞ്ചത്തൂർ അറിയിച്ചു.


No comments