നവകേരള സദസ്സില്‍ ലഭിച്ച പരാതികൾ 30നകം തീര്‍പ്പാക്കണം; ജില്ലാ കളക്ടർ
കാസർകോട്(www.truenewsmalayalam.com) : ജില്ല വികസനസമിതി യോഗത്തിന് മുന്നോടിയായി നവകേരള സദസ്സില്‍ ലഭിച്ച അപേക്ഷകള്‍ സംബന്ധിച്ച് അവലോകനം നടത്തും. നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച മുഴുവന്‍ അപേക്ഷകളുടെയും വിശകലനത്തിനായി ഡിസംബര്‍ 30ന് ജില്ല വികസന സമിതി യോഗത്തിന് മുന്നോടിയായി യോഗം വിളിക്കും. മുഴുവന്‍ വകുപ്പുകളും ഡിസംബര്‍ 30ന് മുമ്പ് അപേക്ഷകള്‍ പൂര്‍ണമായും തീര്‍പ്പാക്കണമെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.
അപേക്ഷകള്‍ തീര്‍പ്പാക്കുമ്പോള്‍ ഗുണകരമായ വിധത്തിലുള്ള മറുപടികള്‍ നല്‍കണമെന്നും വകുപ്പിന് തീര്‍പ്പാക്കാന്‍ സാധിക്കാത്ത വിവരങ്ങള്‍ നല്കുമ്പോള് സേവനം ലഭിക്കുന്ന വകുപ്പുകൂടി അറിയിച്ചുകൊണ്ടുള്ള മറുപടികളാണ് അപേക്ഷകന് നല്‍കേണ്ടതെന്നും കലക്ടര്‍ വ്യക്തമാക്കി.
നവകേരള സദസ്സ് വിവിധ വകുപ്പുകളുടെ ഫയല്‍ തീര്‍പ്പാക്കല്‍ സംബന്ധിച്ച പ്രവര്‍ത്തനപുരോഗതി കലക്ടര്‍ വിലയിരുത്തി. എ.ഡി.എം കെ. നവീന്‍ബാബു സംസാരിച്ചു. വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
നായന്മാര്മൂലയില് നടന്ന നവകേരള സദസ്സില്‍ തന്റെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് കളഞ്ഞുപോയതിനാല്‍ ഡ്യൂപ്ലിക്കറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് അപേക്ഷ നല്കിയ വിദ്യാനഗര്‍ സ്വദേശി അനീസ് റഹ്മാന് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെട്ട് നല്കിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് യോഗത്തില്‍ കലക്ടര്‍ കെ. ഇമ്പശേഖര്‍ കൈമാറി.
ജില്ലയില്‍ 14704 അപേക്ഷകള്‍ ലഭിച്ചതില്‍ 5404 അപേക്ഷകള്‍ തീര്‍പ്പാക്കി. 3326 അപേക്ഷകള്‍ പരിശോധിച്ചുവരുന്നു. 5094 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. പൂര്‍ണമല്ലാത്തതും അവ്യക്തവുമായ 156 പരാതികള്‍ ലഭിച്ചിട്ടുണ്ട്.
മഞ്ചേശ്വരം മണ്ഡലത്തില്‍ ലഭിച്ച 2005 അപേക്ഷകളില്‍ 746 എണ്ണം തീര്‍പ്പാക്കി. 36 അപേക്ഷകള്‍ പരിശോധിച്ചുവരുന്നു. 752 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. 28 അവ്യക്ത അപേക്ഷകള്‍ ഇവിടെ ലഭിച്ചിട്ടുണ്ട്..
കാസര്‍കോട് മണ്ഡലത്തില്‍ 3476 അപേക്ഷകള്‍ ലഭിച്ചതില്‍ 1217 എണ്ണം തീര്‍പ്പാക്കി. 650 അപേക്ഷകള്‍ പരിശോധിച്ചുവരുന്നു. 1485 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. 26 അവ്യക്ത അപേക്ഷകളുണ്ട്.
ഉദുമ മണ്ഡലത്തില്‍ ലഭിച്ച 3744 അപേക്ഷകളില്‍ 1364 എണ്ണം തീര്‍പ്പാക്കി. 850 അപേക്ഷകള്‍ പരിശോധിച്ചുവരുന്നു. 1267 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. അപൂര്‍ണമായ 17 അപേക്ഷകളുണ്ട്.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ലഭിച്ച 2889 അപേക്ഷകളില്‍ 1042 എണ്ണം തീര്‍പ്പാക്കി. 700 അപേക്ഷകള്‍ പരിശോധിച്ചുവരുന്നു. 979 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. അവ്യക്തമായ 45 അപേക്ഷകള്‍ ഇവിടെ ലഭിച്ചു.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ലഭിച്ച 2590 അപേക്ഷകളില്‍ 1036 എണ്ണം തീര്‍പ്പാക്കി. 730 അപേക്ഷകള്‍ പരിശോധിച്ചുവരുന്നു. 610 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. അവ്യക്തമായ 40 അപേക്ഷകള്‍ ഇവിടെ ലഭിച്ചു.
Post a Comment