JHL

JHL

ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവർത്തകർക്ക് പരിക്ക്



ഗസ്സ(wwwtruenewsmalayalam.com) : ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവർത്തകർക്ക് പരിക്ക്. വാഇൽ അൽ ദഹ്ദൂഹ്, സമീർ അബുദാഖ എന്നിവർക്കാണ് പരിക്കേറ്റത്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലാണ് ആക്രമണമുണ്ടായത്. ഹൈഫ സ്കൂളിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. അൽ-ദഹ്ദൂഹിന്റെ കൈക്കും ഇടുപ്പിനുമാണ് പരിക്കേറ്റത്. അബു ദഖ ഇപ്പോഴും ആക്രമണം നടന്ന പ്രദേശത്ത് കുടുങ്ങി കിടക്കുകയാണ്. ഇയാളെ പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് കനത്ത ഷെല്ലിങ് ഇപ്പോഴും തുടരുന്നുണ്ട്.

അൽ-ജസീറ ലേഖകൻ വാഇൽ അൽ ദഹ്ദൂഹിന്റെ കുടുംബാംഗങ്ങൾ നേരത്തെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നുസ്രത്തിലെ അഭയാർഥി ക്യാമ്പിൽ കഴിയവെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും 15 വയസുള്ള മകനും ഏഴ് വയസുള്ള മകളും പേരക്കുട്ടിയുമാണ് കൊല്ലപ്പെട്ടത്.

അതേസമയം, ഗസ്സയിൽ വീണ്ടും വാർത്താവിനിമയ ബന്ധം തകരാറിലായെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഫലസ്തീൻ ടെലികമ്യൂണിക്കേഷൻ കമ്പനികളാണ് ഈ വിവരം പുറത്ത് വിട്ടത്. ടെലികമ്യൂണിക്കേഷൻ ബന്ധങ്ങൾ തകരാറിലായത് രക്ഷാപ്രവർത്ത​നത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.

ഗസ്സയിൽ വെടിനിർത്തലിന് അന്താരാഷ്ട്ര സമ്മർദം ശക്തമാകുമ്പോഴും കൂസലില്ലാതെയാണ് ഇസ്രായേൽ മുന്നോട്ട് പോകുന്നത്. വ്യാഴാഴ്ച ചേർന്ന യൂറോപ്യൻ യൂനിയൻ ഉച്ചകോടിയിൽ സംസാരിച്ച സ്പെയിൻ, ബെൽജിയം, മാൾട്ട, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികൾ വെടിനിർത്തൽ ആവശ്യം ശക്തമായി ഉയർത്തിയതും വെസ്റ്റ് ബാങ്കിൽ അക്രമം നടത്തുന്ന ഇസ്രായേലി കുടിയേറ്റക്കാർക്ക് വിസ നൽകില്ലെന്ന് യു.കെ പ്രഖ്യാപിച്ചതും ഇസ്രായേലിന് തിരിച്ചടിയായി.

എന്നാൽ, ലോകത്തിന്റെ പൊതുവികാരത്തെ അവഗണിച്ച് വിജയം നേടുന്നതുവരെ യുദ്ധം തുടരാനുള്ള തീരുമാനത്തിലാണ് ഇസ്രായേൽ. ഹമാസിനെ പൂർണമായി തകർക്കുന്നതുവരെ ഗസ്സയിൽ യുദ്ധം തുടരുമെന്നും അതിൽ ഒരു ചോദ്യവുമില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞു. തങ്ങളെ തടയാൻ ഒന്നിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments