JHL

JHL

കുത്തിരിപ്പ് മുഹമ്മദ് ഓർമ്മ ദിനം; മൊഗ്രാൽ സ്കൂൾ മൈതാനം ഇനി കുത്തിരിപ്പ് മുഹമ്മദ് മെമോറിയൽ സ്റ്റേഡിയമായി അറിയപ്പെടും


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ സ്കൂൾ മൈതാനം ഇനി കുത്തിരിപ്പ് മുഹമ്മദിന്റെ നാമധേയത്തിൽ അറിയപ്പെടും.

 മൊഗ്രാലിന്റെ ഫുട്ബോൾ ആചാര്യൻ കുത്തിരിപ്പ് മുഹമ്മദിന്റെ ഓർമ്മ ദിനത്തിൽ ഇന്ന് (രണ്ടാം ചരമവാർഷിക ദിനം) കാൽപന്ത് കളിയെ നെഞ്ചിലേറ്റി നടക്കുന്ന മൊഗ്രാലുകാർക്ക് അവർ ആഗ്രഹിച്ച സന്തോഷവാർത്തയാണെത്തിയത്. മൊഗ്രാൽ സ്കൂൾ  മൈതാനം ഇനി "കുത്തിരിപ്പ് മുഹമ്മദ് മെമോറിയാൽ സ്റ്റേഡിയമായി'' അറിയപ്പെടും.

ഇന്ന് വൈകുന്നേരം 7 മണിക്ക്  എംഎസ് സി യുടെ ആഭിമുഖ്യത്തിൽ കുത്തിരിപ്പ് മുഹമ്മദ് അനുസ്മരണ പരിപാടി ക്ലബ്‌ പരിസരത്ത് സംഘടിപ്പിക്കും..

 മൊഗ്രാൽ സ്പോർട്സ് ക്ലബ് ട്രഷററും, കുമ്പള ഗ്രാമപഞ്ചായത്ത് അംഗവുമായ റിയാസ് മൊഗ്രാലിന്റെ ഇടപെടലിലൂടെ ജില്ലാ പഞ്ചായത്ത് കുത്തിരിപ്പ് മുഹമ്മദിന്റെ ഓർമ്മ ദിനത്തിൽ "നിത്യ സ്മരണയ്ക്കായി'' മൈതാനത്തിന് അദ്ദേഹത്തിന്റെ പേര് നൽകാൻ തീരുമാനിച്ചു.

 ജില്ലയിലെ ഫുട്ബോൾ രംഗത്ത് നിറസാന്നിധ്യമായിരുന്ന കുത്തിരിപ്പ് മുഹമ്മദ് മികച്ച സംഘാടകനും, പരിശീലകനുമായിരുന്നു. ഫുട്ബോൾ ടൂർണമെന്റുകളിൽ കുത്തിരിപ്പ് മുഹമ്മദ് എത്തിപ്പെടാത്ത സ്ഥലങ്ങളില്ല.

 ദേശീയ- സംസ്ഥാന താരങ്ങൾക്കൊപ്പം ബൂട്ടണിഞ്ഞിരുന്ന കുത്തിരിപ്പ് മുഹമ്മദ് പിന്നീട് കളിക്കാൻ ഇറങ്ങാതെ യുവാക്കളെയും, വിദ്യാർത്ഥികളെയും വിളിച്ചുകൂട്ടി മൊഗ്രാൽ സ്കൂൾ മൈതാനത്ത് ദിവസവും ഫുട്ബോൾ പരിശീലനം നൽകുകയും, കളിപ്പിക്കുകയും, മുക്കിനും മൂലയിലും അവരെ വിവിധ ടൂർണമെന്റുകളിൽ മത്സരിപ്പിക്കാൻ കൊണ്ടുപോവുകയും ചെയ്ത ഫുട്ബോൾ പ്രേമിയായിരുന്നു.

ഇതുവഴി മൊഗ്രാൽ ഫുട്ബോളിന് നിരവധി യുവനിരയെ വളർത്തിക്കൊണ്ടു വരാൻ അദ്ദേഹത്തിന് സാധിച്ചു. ഭാവി വാഗ്ദാനങ്ങളെ കൈപിടിച്ചുയർത്തുന്നതിലും കുത്തിരിപ്പ് മുഹമ്മദ് കാണിച്ച ആത്മാർത്ഥത ആർക്കും മറക്കാനാവില്ല. അഞ്ചു തലമുറകൾക്കൊപ്പം 5 പതിറ്റാണ്ടുകളോളം ഫുട്ബോളിനു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം. 

 ദേശീയ -സംസ്ഥാന തലങ്ങളിൽ തന്നെ ശ്രദ്ധിക്കപ്പെട്ട എണ്ണമറ്റ താരങ്ങൾക്ക് ജന്മം നൽകിയ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബുകളിൽ ഒന്നാണ് മൊഗ്രാൽ സ്പോർട്സ് ക്ലബ്‌. 

സെഞ്ച്വറി പിന്നിട്ട ഈ ശതാബ്ദി ആഘോഷവേളയിൽ (സെന്റ്നറി ജൂബിലി) എംഎസ് സി മൊഗ്രാലിനും, മൊഗ്രാലിലെ ഫുട്ബാൾ പ്രേമികൾക്കും ലഭിക്കുന്ന വലിയ ബഹുമതി കൂടിയാണ് മൊഗ്രാൽ സ്കൂൾ മൈതാനത്തിന് കുത്തിരിപ്പ് മുഹമ്മദിന്റെ പേരിൽ അറിയപ്പെടാനുള്ള   ജില്ലാ പഞ്ചായത്തിന്റെ തീരുമാനം.


No comments