JHL

JHL

പിണറായി വിജയനെക്കൊണ്ട് കമ്മ്യൂണിസ്റ്റുകാർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയുണ്ടായി; വി.ടി ബൽറാം


കുമ്പള(www.truenewsmalayalam.com) : പ്രമുഖരോടൊപ്പം നടക്കുകയും പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും പ്രമുഖരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പിണറായിയെക്കൊണ്ട് ഇന്നലെ വരെ കമ്മ്യൂണിസ്റ്റെന്ന് അഭിമാനം കൊണ്ടവർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട  അവസ്ഥയുണ്ടായതായി കെ.പി.സി.സി. വൈസ് പ്രസി. വി.ടി. ബൽറാം പ്രസ്താവിച്ചു.

പാർട്ടി ആദർശങ്ങളിൽ വിശ്വസിച്ച് സാധാരണക്കാരായി ജീവിച്ച കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് അപമാനമാണ് പിണറായി വിജയനെന്നും ബൽറാം പറഞ്ഞു.

        ഒരു ഗൗരവവും ഇല്ലാതെയാണ് സർക്കാർ നവകേരള സദസ് സംഘടിപ്പിച്ചത്. ഓരോ ഫയലിനു പിന്നിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി  നേരത്തെ നടത്തിയ പ്രസ്താവന പ്രായോഗിക തലത്തിൽ അദ്ദേഹം തന്നെ മറന്നു. സംസ്ഥാനം കടമെടുത്ത് കുത്തുപാളയെടുക്കുന്ന അവസ്ഥയായി.

ഓരോ കാര്യത്തിലും ഉറപ്പ് ഉറപ്പ് എന്നു പറഞ്ഞ് ഭരണത്തിലെത്തിയവർ

ഇതിനകം അഞ്ചു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    നവകേരള സദസ് പുതുതായി ഒരു പദ്ധതിയോ വികസനകാര്യങ്ങളോ മുമ്പോട്ടു വച്ചില്ല. ആകപ്പാടെ യൂനിവേഴ്സിറ്റികളിൽ മുഖ്യമന്ത്രിയുടെ ആളുകളെയാണോ ഗവർണറുടെ ആളുകളെയാണോ, എസ്.എഫ് ഐ ക്കാരെയാണോ എ.ബി.വി.പി ക്കാരെയാണോ  പിൻവാതിലിലൂടെ നിയമനം നൽകി തിരുകിക്കയറ്റേണ്ടത് എന്ന ഒറ്റചർച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു.

        നവകേരള സദസിനിടെ പ്രതിഷേധിച്ചവരെ ഡി.വെ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തെ ഉദ്ധരിച്ചുകൊണ്ട് കേരളം ഒരു കലാപത്തിലേക്ക് നീങ്ങണമെന്ന് ആഗ്രഹിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുകയാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം ആരോപിച്ചു.


No comments