വഴിയടഞ്ഞ ദേശീയപാത; മയ്യത്ത് പള്ളി വളപ്പിൽ എത്തിക്കാൻ പ്രയാസപ്പെട്ട് കടവത്ത് നിവാസികൾ
മൊഗ്രാൽ കടവത്ത് പ്രദേശത്ത് നിന്ന് നടപ്പാത വഴി ഹൈവേയിലുള്ള ജുമാമസ്ജിദ് റോഡിലേക്ക് പ്രവേശിക്കാനുള്ള വഴിയാണ് ഇപ്പോൾ ദേശീയപാത നിർമ്മാണം മൂലം അടഞ്ഞിരിക്കുന്നത്.
ഇവിടെനിന്ന് മയ്യത്ത് പള്ളിവളപ്പിലേക്ക് കൊണ്ടുപോകാനും, വയോധികർക്ക് അടക്കമുള്ളവർക്ക് പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോകാനും, സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് ബസ് കാത്തുനിൽക്കാനും ഇപ്പോൾ ഏറെ പ്രയാസപ്പെടുകയാണ്. ഈ ഭാഗത്ത് ജുമാ മസ്ജിദ് റോഡിന് സമാനമായി അണ്ടർ പാസേജ് വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഈ ഭാഗത്ത് ദേശീയപാതയുടെ നിർമ്മാണം ഉയരം കൂട്ടി നിർമ്മിക്കുന്നതിനാൽ അണ്ടർ പാസേജ് സാധ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് സംബന്ധിച്ച് നേരത്തെ പ്രദേശവാസികളായ എംജിഎ റഹ്മാൻ, ടിഎംസുഹൈബ് എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂരിലുള്ള ദേശീയപാത എംപ്ലിമെന്റ് പ്രൊജക്റ്റ് ഡയറക്ടർക്കും, എംപി, എംഎൽഎ ജനപ്രതിനിധികൾക്കും നിവേദനം നൽകിയിരുന്നു. അതിന് പിന്നാലെ നവകേരള സദസ്സിൽ വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനും നിവേദനം നൽകിയിരുന്നു. മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് അംഗം ടിഎ കുഞ്ഞഹമ്മദ് മൊഗ്രാൽ കുമ്പള ദേവീ നഗറിലുള്ള യുഎൽസിസി മാനേജറെ കണ്ടും സങ്കടം ബോധിപ്പിച്ചിരുന്നു. പ്രശ്നപരിഹാരത്തിന് നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്രദേശവാസികൾ.
Post a Comment