JHL

JHL

അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു


കാസർകോട്(www.truenewsmalayalam.com) : പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കുന്നതിനായി ജില്ലയിലെ  തദ്ദേശ സ്ഥാപനങ്ങൾ  നടപടി തുടങ്ങി. ഓരോന്നിനും 5000 രൂപ പിഴ ചുമത്താനും ഇതു സ്ഥാപിച്ചവർക്കെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിക്കാനും സർക്കാർ കഴിഞ്ഞാഴ്ച നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണു  ജില്ലയിലെ നഗരസഭകളും പഞ്ചായത്തുകളും നടപടി തുടങ്ങിയിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി മുന്നറിയിപ്പ് നോട്ടിസുകൾ നൽകി. 

പൊതുസ്ഥലങ്ങളിൽ പരസ്യം സ്ഥാപിക്കുന്നതു സംബന്ധിച്ച മുനിസിപ്പാലിറ്റി നിയമത്തിലെ വ്യവസ്ഥപ്രകാരമാണ് പിഴ. ഇതിനു പുറമേ, തദ്ദേശ സ്ഥാപന അധികൃതർ ആവശ്യപ്പെടുന്നതനുസരിച്ച് പൊലീസ് കേസ് റജിസ്റ്റർ ചെയ്യും. ഗതാഗത തടസ്സം സൃഷ്ടിക്കുക, പൊതുജനശല്യം, പൊതുസ്ഥലത്ത് ജനങ്ങൾക്ക് അപകടം വരുത്തുന്ന നടപടികൾ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു  കേസെടുക്കുന്നതെന്നു അധികൃതർ വ്യക്തമാക്കി.

ഹൈക്കോടതി നിർദേശാനുസരണം രൂപീകരിച്ച കമ്മിറ്റികളാണ് നടപടി സ്വീകരിക്കേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപന തലത്തിൽ പ്രാദേശിക സമിതിയും ജില്ലാ തലത്തിൽ നിരീക്ഷണ സമിതിയും കഴിഞ്ഞ വർഷം ഡിസംബറിൽ രൂപീകരിച്ചു.പൊതുസ്ഥലങ്ങളിൽ ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി തേടണമെന്നാണു ചട്ടം.  



 

No comments