JHL

JHL

സഹപാഠിക്ക് സസ്നേഹം; വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് കൈത്താങ്ങാവാൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളും രംഗത്ത്

മൊഗ്രാൽ(www.truenewsmalayalam.com) : പഠിച്ചവരുടെ ഒത്തുചേരലുകളുടെ കാലമാണിത്. വെറും കൂടിപ്പിരിയലുകളല്ലാതെ മറ്റു ലക്ഷ്യങ്ങൾ കൂടിയുണ്ട് ഈ ഒത്തുചേരലിന് പിന്നിൽ. ഒപ്പം മനസ്സറിഞ്ഞു നൽകുന്ന നന്മയുമുണ്ട് ഈ കൂട്ടായ്മകൾക്ക്. അകാലത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട മൊഗ്രാൽ ഗവ:വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നിർധന വിദ്യാർത്ഥിക്ക് സഹപാഠികളുടെയും, പിടിഎ,എസ്എംസി, അധ്യാപകരുടെയും സഹകരണത്തോടെ നിർമ്മിച്ചു നൽകാൻ ഉദ്ദേശിക്കുന്ന "സഹപാഠിക്ക് സസ്നേഹം'' വീടിനായുള്ള ഫണ്ട് ശേഖരണം വിജയത്തിലെത്തിക്കാനും ഈ കൂട്ടായ്മകൾ ഒപ്പമുണ്ട്.

മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ സങ്കട കഥകൾ കേട്ടറിഞ്ഞ വിദ്യാർത്ഥികളും, അധ്യാപകരും, പിടിഎയും കൈകോർത്താണ് "സഹപാഠിക്ക് സ്നേഹം'' എന്ന പേരിൽ  പദ്ധതി ആവിഷ്കരിച്ചത്.

 രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന മൊഗ്രാൽ സ്കൂളിലെ കുട്ടികൾ വീടുകളിൽ നിന്ന് മിട്ടായി വാങ്ങാനും, പോക്കറ്റ് മണിയുമായി കൊണ്ടുവരുന്ന ചില്ലറ നാണയങ്ങൾ "സ്നേഹപൂർവ്വം സഹപാഠി''ക്കെന്ന പേരിൽ സ്കൂളിൽ വെച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കുകയാണ് പതിവ്.

 ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒന്നര ലക്ഷത്തോളം രൂപ ഇതിനകം ഈ പദ്ധതിയിലേക്ക് സ്വരൂപിച്ച് കഴിഞ്ഞു. പൂർവ്വ വിദ്യാർത്ഥികളും സന്നദ്ധ സംഘടനകളുമൊക്കെ  ഇതിന്റെ ഭാഗമാകാൻ മുന്നോട്ടുവന്നത് വിദ്യാർത്ഥിക്ക് വീടെന്ന സ്വപ്നം എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അധ്യാപകരും, പിടിഎയും, സഹപാഠികളും.

 ഇതിനകം പൂർവ്വ വിദ്യാർത്ഥികൾ മൊഗ്രാൽ സ്കൂളിൽ സംഘടിപ്പിച്ച "ഒത്തുചേരൽ'' പരിപാടികളിൽ നിന്ന്  "സഹപാഠിക്ക് സസ്നേഹം'' പദ്ധതിയിലേക്ക് നല്ലൊരു തുക പ്രധാനാധ്യാപകനായ അബ്ദുൽ ബഷീറിനെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 ഒത്തുചേലൽ പരിപാടികളിലേക്ക് ക്ഷണിക്കുന്ന ഹെഡ്മാസ്റ്ററും, പിടിഎ പ്രസിഡന്റ് സിദ്ദീഖ് റഹ്മാനും ഈ പദ്ധതിയെപ്പറ്റി ചടങ്ങുകളിൽ സൂചിപ്പിക്കുന്നതോടെയാണ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ പദ്ധതിയിൽ കൈത്താങ്ങാവാൻ മുന്നോട്ടുവരുന്നത്. ജീവകാരുണ്യ പ്രവർത്തനരംഗത്ത് തങ്ങളുടെതായ രീതിയിൽ സഹകരിച്ച് പോരുന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളും ഈ രംഗത്തും ഇപ്പോൾ മാതൃകയാവുകയാണ്.

 മൊഗ്രാൽ ജിവിഎച്ച്എസ് എസ് ലെ 1988-89 എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ "ഓർമ്മ മരത്തണലിൽ" എന്ന പേരിൽ ഒത്തുചേർന്ന് ഈ പദ്ധതിയുടെ ഭാഗമായി നല്ലൊരു തുക സംഭാവനയായി നൽകിയതിന് പിന്നാലെ   "ത്രില്ലടിച്ച 93 'ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ കാൽ ലക്ഷം രൂപയാണ് പദ്ധതിയിലേക്ക് സംഭാവന നൽകിയത്. പിന്നീട് ഒത്തുചേർന്ന "സൗഹൃദം 8''2008-09 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ഇരുപതിനായിരം രൂപയാണ് പദ്ധതിയിലേക്ക് സംഭാവന നൽകിയത്.

 1994-95 എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ 2020ൽ സ്കൂളിൽ "പിരിസപ്പാട്'' എന്ന പേരിൽ ഒത്തുചേർന്ന് വീടില്ലാത്ത ഒരു സഹപാഠിക്ക് വീട് നിർമ്മിച്ചുകൊടുത്ത് മാതൃകയായിരുന്നു.


No comments