ജബലിയ അഭയാർഥി ക്യാമ്പിൽ വീണ്ടും കൂട്ടക്കുരുതി; 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 700 ലധികം പേർ
ഗസ്സ(www.truenewsmalayalam.com) : താൽക്കാലിക വെടിനിർത്തൽ അവസാനിച്ചയുടൻ ഗസ്സയിലുടനീളം നടത്തുന്ന കൂട്ടക്കുരുതി മൂന്നാംദിനവും തുടർന്ന് ഇസ്രായേൽ സേന. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ രണ്ടാംദിനവും നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു.
ഖാൻ യൂനുസിലും റഫയിലുമടക്കം 24 മണിക്കൂറിനിടെ 700 പേരെയാണ് സൈന്യം കൂട്ടക്കൊല ചെയ്തതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അൽഫലൂജയിൽ നടത്തിയ ആക്രമണത്തിൽ പ്രമുഖ ഫലസ്തീൻ ശാസ്ത്രജ്ഞൻ സൂഫിയാൻ തായിഹും കുടുംബവും കൊല്ലപ്പെട്ടു.
അതേസമയം, ഹമാസിനെ തകർക്കാനും ബന്ദികളെ മോചിപ്പിക്കാനും കൂടുതൽ സൈനികരെ രംഗത്തിറക്കി കരയുദ്ധവും ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ ഇനി ബന്ദിമോചനത്തെക്കുറിച്ച ചർച്ചയില്ലെന്ന് ഹമാസും അറിയിച്ചു. നേരത്തേ സൈനികസേവനം നിർവഹിച്ച സിവിലിയന്മാരും സൈനികരുമാണ് ബന്ദികളിൽ അവശേഷിക്കുന്നതെന്ന് ഹമാസ് ഉപമേധാവി സാലിഹ് അൽ അറൂറി പറഞ്ഞു.
ഹമാസിന്റെ ഭൂഗർഭ തുരങ്കങ്ങളിലേക്കുള്ള 800 പ്രവേശനകവാടങ്ങൾ കണ്ടെത്തിയതായും 500 എണ്ണം നശിപ്പിച്ചതായും ഇസ്രായേൽ സേന അവകാശപ്പെട്ടു.
Post a Comment