JHL

JHL

വെടി നിർത്താതെ ഇസ്രായേൽ; 48 മണിക്കൂറിനിടെ മരണമടഞ്ഞത് 390 ഫലസ്തീനികൾ


 ഗസ്സ: ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആ​ക്രമണങ്ങളിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ 390 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ആരോഗ്യമന്ത്രാലയം. 734 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. 

ഇതുവരെ 20,057 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 53,320 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.  വ്യാഴാഴ്ച മുതൽ ഭാഗികമായി കമ്യൂണിക്കേഷൻ ഇന്റർനെറ്റ് സേവനങ്ങൾ ഗസ്സയിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്.

 രണ്ട് ദിവസമായി ഗസ്സ മുനമ്പിൽ സേവനങ്ങൾക്ക് തടസ്സം നേരിടുകയായിരുന്നു. ഗസ്സ മുനമ്പിനെ ലക്ഷ്യമിട്ട് വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ ഇസ്രായേൽ ആക്രമണം നടത്തുന്നുണ്ട്. ഇസ്രായേൽ സൈന്യവും ഹമാസ് പോരാളികളും തമ്മിൽ ഗസ്സയുടെ പല മേഖലകളിലും പോരാട്ടം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

  ഗസ്സയിലെ കുട്ടികൾ വരുന്ന ആഴ്ചകളിൽ അതീവ ഗൗരകരമായ പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് മുന്നറിയിപ്പ് നൽകിയിരുന്നു. അഞ്ച് വയസിന് താഴെയുള്ള ഗസ്സയിലെ 10,000ത്തോളം വരുന്ന കുട്ടികൾ ജീവന് പോലും ഭീഷണിയായേക്കാവുന്ന പോഷകാഹാര കുറവ് നേരിടുമെന്നാണ് യുനിസെഫ് അറിയിച്ചിരിക്കുന്നത്. ഗസ്സയി​ലേക്ക് ഉടൻ ഭക്ഷ്യവിതരണം നടത്തണമെന്നും യു.എൻ ഏജൻസി ആവശ്യപ്പെട്ടു.

  ഗസ്സയിലെ 1,55,000ഓളം വരുന്ന ഗർഭിണികളായ സ്ത്രീകളുടേയും മുലയൂട്ടുന്ന അമ്മമാരുടേയും ആരോഗ്യത്തിലും യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഗസ്സ മുനമ്പിലെ 135,000 കുട്ടികളുടെ ആരോഗ്യസ്ഥിതിയിലും ആശങ്ക നിലനിൽക്കുന്നുവെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ.

No comments